രാഹുല്‍ കണ്ടെത്തിയ കലാവതി സ്ഥാനാര്‍ത്ഥിയാകുന്നു

വിദര്‍ഭ സ്വദേശിനിയായ കലാവതി കോണ്‍ഗ്രസ് ടിക്കറ്റിലല്ല മത്സരിക്കുന്നത്. 'വിദര്‍ഭ ജന ആന്ദോളന്‍ സമിതി'യാണ് കലാവതിയെ സ്ഥാനാര്‍ഥിയാക്കിയത്.
നാഗ്‌പുരില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള വനി നിയമസഭാമണ്ഡലത്തില്‍ അവര്‍ ശനിയാഴ്‌ച പത്രിക സമര്‍പ്പിച്ചതായി ആന്ദോളന്‍ സമിതി അധ്യക്ഷന്‍ കിഷോര്‍ തിവാരി പറഞ്ഞു.
വിളനാശമുണ്ടായി കടക്കെണിയിലായ കര്‍ഷകരുടെ കൂട്ട ആത്മഹത്യകളെ തുടര്‍ന്നാണ് മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖല ശ്രദ്ധാകേന്ദ്രമായത്. കര്‍ഷകരുടെ ദുരിതങ്ങള്‍ അടുത്തറിയാന്‍ വിദര്‍ഭയില്‍ എത്തിയ രാഹുല്‍, കലാവതിയുടെ വീട് സന്ദര്‍ശിച്ച് സഹായം വാഗ്‌ദാനം ചെയ്‌തിരുന്നു.
തുടര്‍ന്ന് രാഹുല്‍ പാര്‍ലമെന്റില്‍, 48-കാരിയായ ഈ കര്‍ഷകവിധവയുടെ കഥ അവതരിപ്പിച്ചത് വലിയ ശ്രദ്ധ പിടിച്ചുപറ്റി. ഇതോടെ ഇവര്‍ വാര്‍ത്തകളിലും നിറഞ്ഞു.
രാഹുല്‍ വന്നു കണ്ടിട്ട് വര്‍ഷം ഒന്നു കഴിഞ്ഞിട്ടും തന്റെ ഗ്രാമമായ ജല്‍കയില്‍ ഒരു മാറ്റവുമുണ്ടായില്ലെന്ന് കലാവതി പറഞ്ഞു. ''കോണ്‍ഗ്രസ് എന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. ആന്ദോളന്‍ സമിതിയാണ് സ്ഥാനാര്‍ഥിയാകാന്‍ അഭ്യര്‍ഥിച്ചത്. ഞാനത് സ്വീകരിക്കുകയും ചെയ്‌തു. ജയിച്ചാല്‍ സംസ്ഥാനത്തെ ദുരിതമനുഭവിക്കുന്ന കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കും''- കലാവതി പറയുന്നു.
2005-ലാണ് കടക്കെണിയെത്തുടര്‍ന്ന് കലാവതിയുടെ ഭര്‍ത്താവായ പരശുരാം ജീവനൊടുക്കിയത്. തുടര്‍ന്ന് രണ്ടു പെണ്‍മക്കളും രണ്ടു ആണ്‍മക്കളുമടങ്ങുന്ന കുടുംബം പോറ്റാനായി കലാവതി പരുത്തിയും സോയയും കൃഷി ചെയ്യുകയായിരുന്നു.












Click it and Unblock the Notifications