വെള്ളം തേടി ചന്ദ്രനില്‍ നാസയുടെ 'ബോംബിങ്'

ഈ വര്‍ഷം ജൂണില്‍ നാസ വിക്ഷേപിച്ച ലൂണാര്‍ കേറ്റര്‍ ഒബ്‌സര്‍വേഷന്‍ ആന്‍ഡ് സെന്‍സിങ് സാറ്റലൈറ്റി(എല്‍ക്രോസ്)നൊപ്പമുള്ള റോക്കറ്റാണ് ചന്ദ്രോപരിതലത്തില്‍ പതിപ്പിയ്‌ക്കുന്നത്. എല്‍ക്രോസിനെ ഭ്രമണപഥത്തിലെത്തിയ്‌ക്കാന്‍ ഉപയോഗിച്ച 2.2 ടണ്ണിന്റെ കത്തിതീര്‍ന്ന റോക്കറ്റാണ് 9000 കിലോമീറ്റര്‍ വേഗതയില്‍ ഇടിച്ചിറക്കുക. ചന്ദ്രയാന്‍ പര്യവേഷണത്തിലൂടെ ചന്ദ്രനില്‍ ജലസാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയ ദക്ഷിണധ്രുവത്തിലാണ് സ്‌ഫോടനം നടത്തുക.
കോടിക്കണക്കിന് ടണ്‍ മഞ്ഞുകട്ടകള്‍ ഉണ്ടെന്ന് കരുതപ്പെടുന്ന ഇരുളടഞ്ഞ ഗര്‍ത്തത്തിലാണ് റോക്കറ്റ് ഇടിച്ചിറക്കുക. സ്‌ഫോടനത്തിന്റെ ഫലമായി പത്തു കീലോമീറ്റര്‍ മേലേക്ക് ഉയരുന്ന പൊടിപലങ്ങളും പാറക്കഷ്‌ണങ്ങളുടെയും ദൃശ്യങ്ങള്‍ എല്‍ക്രോസ് ഭൂമയിലേക്ക് അയക്കും. ഇത് നിരീക്ഷിച്ചായിരിക്കും ചന്ദ്രനിലെ ജലസാന്നിധ്യം എത്രത്തോളമാണെന്ന് കണ്ടെത്തുക. ആദ്യസ്‌ഫോടനത്തിന് പിന്നാലെ ദൃശ്യങ്ങള്‍ പകര്‍ത്താനായി ചന്ദ്രോപരിതലത്തിലേക്ക് ചെല്ലുന്ന എല്‍ക്രോസ് സ്‌ഫോടനത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ ഭൂമിയിലേക്ക് അയച്ചതിന് ശേഷം ചന്ദ്രനില്‍ ഇടിച്ചിറങ്ങും. ആദ്യമുണ്ടാകുന്ന സ്‌ഫോടനത്തിന്റെ മൂന്നിലൊന്നോളം വരുന്ന സ്‌ഫോടനമായിരിക്കും ഇതിലൂടെ ഉണ്ടാകുക.
എല്‍ക്രോസ് നല്‍കുന്ന വിവരങ്ങള്‍ അപഗ്രന്ഥിച്ച് ഒരു മണിക്കൂറിനുള്ളില്‍ ജലസാന്നിധ്യത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാമെന്നാണ് നാസ ശാസ്‌ത്രജ്ഞര്‍ കരുതുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് സൂര്യപ്രകാശമേല്‍ക്കാത്ത ഒരു പ്രദേശമാണ് പരീക്ഷണത്തിനായി നാസ തെരഞ്ഞെടുത്തിരിക്കുന്നത്.
അതേ സമയം നാസയുടെ പരീക്ഷണം ചന്ദ്രന് ഹാനികരമാകുമെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത്തരം പരീക്ഷണങ്ങളുടെ ആവശ്യമുണ്ടോയെന്നും ഇത്തരം സ്‌ഫോടനങ്ങള്‍ നടത്തിയതിന് ശേഷം തക്കതായ പ്രയോജനം ലഭിയ്‌ക്കുമോയെന്നാണ് വിമര്‍ശകര്‍ ചോദ്യമുന്നയിക്കുന്നത്. എന്നാല്‍ ഇതൊരു ദോഷകരമായ പരീക്ഷണമല്ലെന്ന് നാസ ശാസ്‌ത്രജ്ഞര്‍ വിശദീകരിയ്‌ക്കുന്നത്. നാസ വെബ്‌സൈറ്റ് പരീക്ഷണത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
വെള്ളിയാഴ്‌ച വൈകിട്ട് ഇന്ത്യന്‍ സമയം 5.01ന് നടക്കുന്ന പരീക്ഷണം ഭൂമിയുടെ പല ഭാഗങ്ങളില്‍ നിന്നും ദൂരദര്‍ശിനികളിലൂടെ വീക്ഷിയ്‌ക്കാം. എന്നാല്‍ പരീക്ഷണം ഇന്ത്യയില്‍ ദൃശ്യമാകില്ലെന്ന് ഐഎസ്‌ആര്‍ഒ ശാസ്‌ത്രജ്ഞന്‍മാര്‍ അറിയിച്ചു.












Click it and Unblock the Notifications