നാദാപുരത്ത് അക്രമം തുടരുന്നു; കടക്ക് തീയിട്ടു
കോഴിക്കോട്: സമാധാനം പുനസ്ഥാപിയ്‌ക്കാന്‍ സര്‍വകക്ഷി യോഗം ആഹ്വാനം ചെയ്‌തിട്ടും നാദാപുരത്ത് സംഘര്‍ഷം തുടരുന്നു. നാദാപുരം മുളമ്പത്ത് ഒരു ഫര്‍ണീച്ചര്‍ കടയ്‌ക്ക് ബുധനാഴ്‌ച പുലര്‍ച്ചെ തീവെച്ചു. ഒരു മുസ്ലീം ലീഗ് നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. അഗ്‌നിശമന സേന സ്ഥലത്തെത്തി തീയണച്ചു.
ചൊവ്വാഴ്‌ച ചേര്‍ന്ന സര്‍വ്വകക്ഷി യോഗം പഞ്ചായത്തുകളില്‍ സമാധാന കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നു. കോഴിക്കോട് കളക്ടര്‍ പിബി സലീമിന്റെ അധ്യക്ഷതയിലായിരുന്നു യോഗം ചേര്‍ന്നത്. എന്നാല്‍ വീണ്ടും അക്രമമുണ്ടായത് സമാധാന ശ്രമങ്ങള്‍ക്ക് തടസമാകുമെന്നാണ് കരുതപ്പെടുന്നത്.
നാദാപുരത്തും കല്ലാച്ചിയിലും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ലീഗ് അക്രമങ്ങളില്‍ പ്രതിഷേധിച്ച് സിപിഎം ചൊവ്വാഴ്‌ച നടത്തിയ ഹര്‍ത്താലിനിടെയായിരുന്നു അക്രമ സംഭവങ്ങള്‍. കല്ലാച്ചിയില്‍ ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ പരസ്‌പരം ബോംബെറിഞ്ഞു. പ്രകടനം നടത്തിയ സിപിഎം പ്രവര്‍ത്തകര്‍ പൊലീസിന് നേരെയും കല്ലെറിഞ്ഞു. ഒട്ടേറെ കടകളും വാഹനങ്ങളും ആക്രമണത്തില്‍ തകര്‍ന്നു.
സിപിഎം ഓഫീസ് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ചൊവ്വാഴ്‌ച സിപിഎം ഹര്‍ത്താലാചരിച്ചത്. ഗുണ്ടാ നിയമ പ്രകാരം ഏതാനും ലീഗ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തതിനെ തുടര്‍ന്നാണ് നാദാപുരത്ത് അക്രമങ്ങള്‍ ആരംഭിച്ചത്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ സിപിഎം ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ വ്യാപകമായി ആക്രമണം അഴിച്ചുവിട്ടിരുന്നു.












Click it and Unblock the Notifications