ഭര്‍ത്താവിന്റെ സമ്മതമില്ലെങ്കിലും പാസ്‌പോര്‍ട്ട്
കുവൈത്ത്‌സിറ്റി: ഭര്‍ത്താക്കന്മാര്‍ തടസ്സം നിന്നാലും കുവൈത്തിലെ സ്‌ത്രീകള്‍ക്ക് ഇനി പാസ്‌പോര്‍ട്ട് ലഭിയ്‌ക്കും.
ഭര്‍ത്താവിന്റെ സമ്മതമില്ലെങ്കിലും സ്‌ത്രീകള്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കാന്‍ അവകാശമുണ്ടെന്ന് കുവൈത്തിലെ ഭരണഘടനകോടതി വിധി പുറപ്പെടുവിച്ചു.
രാജ്യം വിടാന്‍ ഭര്‍ത്താവ് തടസ്സം നില്‍ക്കുന്നുവെന്ന ഒരു സ്‌ത്രീയുടെ പരാതിയിന്മേലാണ് ഈ വിധി. 1962ലെ പാസ്‌പോര്‍ട്ട് നിയമത്തിന് ഈ വിധിയോടെ മാറ്റം വന്നു. ഈ നിമയപ്രകാരം ഭര്‍ത്താവിന്റെ സമ്മതമുണ്ടെങ്കില്‍ മാത്രമേ സ്‌ത്രീകള്‍ക്ക് പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ പാടുള്ളു.
വനിതകള്‍ക്ക് ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം, ലിംഗസമത്വം എന്നീ അവകാശങ്ങളുടെ ലംഘനമാണ് രാജ്യത്ത് ഇതുവരെ നിലനിന്നിരുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മെയ്‌മാസത്തിലായിരുന്നു ഇവിടെ ആദ്യമായി ഒരു വനിതാ എംപി തിരഞ്ഞെടുക്കപ്പെട്ടത്. കോടതി വിധി ഭരണഘടനാ തത്വങ്ങളുടെ വിജയമാണെന്ന് വനിതാ എംപി അസീല്‍ അല്‍ അവാധി പറഞ്ഞു.
സ്‌ത്രീശാക്തീകരണ പ്രവര്‍ത്തകരും കോടതി വിധിയെ സ്വാഗതം ചെയ്‌തിട്ടുണ്ട്. പാസ്‌പോര്‍ട്ടിന് ഭര്‍ത്താക്കന്മാര്‍ തടസ്സം നില്‍ക്കുന്നുവെന്ന് കാണിച്ച് ആയിരത്തോളം സ്‌ത്രീകളാണ് കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇപ്പോഴുണ്ടായിരിക്കുന്ന ഈ വിധി മറ്റു പരാതിക്കാര്‍ക്കും ആശ്വസമേകുന്നതാണ്.












Click it and Unblock the Notifications