സിപിഐയ്‌ക്ക് വോട്ടു ചെയ്യില്ല: മദനി
ആലപ്പുഴ: പിഡിപിയെ മതേതരമാക്കാനായി തനിക്ക് വേഷം മാറാന്‍ കഴിയില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി. പിഡിപിയുടെ ആത്മാഭിമാനം മുറിപ്പെടുത്തിയ സിപിഐക്ക് യാതൊരു കാരണവശാലും വോട്ടു ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
തൊപ്പിയടക്കമുള്ള എന്റെ ഈ വേഷം മതപ്രബോധകനായി ജീവിതം ആരംഭിച്ചപ്പോള്‍ മുതലേയുള്ളതാണ്. പിഡിപിയ്‌ക്ക് ചിലര്‍ വര്‍ഗീയ പരിവേഷം കല്‍പിച്ച് നല്‍കിയിട്ടുണ്ട്. എന്നാല്‍ എന്റെ പാര്‍ട്ടി വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നില്ല.
എന്റെ മരണംവരെ അത് ചെയ്യുകയുമില്ല. വര്‍ഗീയ സംഘര്‍ഷത്തില്‍ പ്രതിയാക്കപ്പെട്ട് ഒരു പിഡിപിക്കാരന്‍പോലും കേരളത്തിലെ ഒരു ജയിലിലും കിടക്കുന്നില്ല. അവര്‍ണ ചേരി ശക്തിപ്പെടുത്തുകയാണ് പിഡിപിയുടെ ലക്ഷ്യം- മദനി പറഞ്ഞു.
ഞായറാഴ്‌ച ആലപ്പുഴ പ്രസ്‌ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പിഡിപിയുടെ ആത്മാഭിമാനത്തിന് മുറിവേല്‍പ്പിച്ച് സിപിഐക്ക് വോട്ടു ചെയ്യാന്‍ കഴിയാത്തത് കൊണ്ടാണ് ആലപ്പുഴയില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്. കോണ്‍ഗ്രസിനെയും പിന്തുണയ്‌ക്കാന്‍ കഴിയില്ല. ബിജെപിയുടെ ബി ടീമാണ് കോണ്‍ഗ്രസ്- അദ്ദേഹം പറഞ്ഞു.
കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയ്‌ക്ക് തീവ്രവാദം, മിതവാദം, മതേതരവാദം എന്നിവ എന്താണെന്ന് അറിയില്ല. അതുകൊണ്ടാണ് അദ്ദേഹം പിഡിപിയ്‌ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിക്കുന്നത്. തീവ്രവാദത്തെക്കുറിച്ച് പരസ്യ സംവാദത്തിന് ചെന്നിത്തലയെ ഞാന്‍ വെല്ലുവിളിക്കുന്നു.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിഡിപി ബന്ധം കാരണമായെന്ന് സിപിഎം പറഞ്ഞിട്ടില്ല. മാധ്യമങ്ങളാണ് അങ്ങനെ പറഞ്ഞത്. എറണാകുളത്തും കണ്ണൂരും സിപിഎമ്മുമായി വേദി പങ്കിടുന്നകാര്യം തീരുമാനിച്ചിട്ടില്ല. സിപിഎമ്മുമായി ഇപ്പോഴും പഴയബന്ധമുണ്ട്- മദനി പറഞ്ഞു.












Click it and Unblock the Notifications