വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: പുരോഹിതനെതിരെ ആരോപണം
മലപ്പുറം: കാത്തലിക് ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി അനു ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിന് പിന്നില്‍ പുരോഹിതന് പങ്കുള്ളതായി ബന്ധുക്കളും സഹപാഠികളും ആരോപിച്ചു. ഒക്ടോബര്‍ 21 ഉച്ചയ്‌ക്ക് ഇടവേളയില്‍ സ്‌കൂളില്‍ തലചുറ്റി വീണ അനു 24ന് എറണാകുളം അമൃത ആശുപത്രിയില്‍ എത്തിച്ച ഉടനെയാണ് മിരച്ചത്. വിഷം ഉള്ളില്‍ ചെന്നാണ് അനു മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കണ്ണൂര്‍ ജില്ലയിലെ കേളകം ശാന്തിഗിരിയിലെ നിര്‍ദ്ധന കുടുംബത്തിലെ അംഗമായ അനു മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സന്യാസ സമൂഹമായ മൗണ്ട്‌താബോര്‍ ദയറ പത്തനാപുരത്തിന്റെ കീഴില്‍ പ്രവര്‍ത്തിയ്‌ക്കുന്ന ഹോസ്‌റ്റലില്‍ നിന്നാണ് പഠിയ്‌ക്കുന്നത്. പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസവും സാമൂഹികവുമായ ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിയ്‌ക്കുന്ന ഹോസ്‌റ്റലില്‍ വിവിധ ഇടവകകളിലെ പള്ളി അധികാരികളുടെ ശുപാര്‍ശയിന്മേലാണ് നിര്‍ദ്ധനരായ കുട്ടികളെ പ്രവേശിപ്പിക്കുന്നത്.
ലോക്കല്‍ മാനേജരായ ഒരു പുരോഹിതന്‍ രാത്രിയില്‍ ഹോസ്റ്റലില്‍ പ്രവേശിയ്‌ക്കുന്നതായും ലൈംഗികമായി ചൂഷണം ചെയ്‌തിരുന്നതായും വിദ്യാര്‍ഥിനികള്‍ മാധ്യമങ്ങളോട് പറഞ്ഞു. പുരോഹിതന്‍ പീഢനം കൂടിയതിനാല്‍ ഏറെ മാനസിക വിഷമമനുഭവിയ്‌ക്കുന്നതായി അനു പറഞ്ഞിരുന്നതായി സഹോദരിയും വെളിപ്പെടുത്തി. അനുവിന്റെ മൃതദേഹം ഇന്‍ക്വസ്‌റ്റ് നടത്തിയ പോത്തുകല്‍ പൊലീസ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും പുരോഹിതനെതിരെ നടപടിയെടുക്കണമെന്നും രക്ഷിതാക്കള്‍ ശനിയാഴ്‌ച ആവലശ്യപ്പെട്ടിരുന്നു. ആത്മഹത്യാശ്രമം നടത്തിയതിന് രണ്ട് ദിവസം മുന്‍പ് സ്‌കൂളില്‍ ബോധരഹിതയായി വീണ കുട്ടിയ്‌ക്ക് വൈദ്യ സഹായാം നല്‍കുന്നതില്‍ അലംഭാവം കാണിച്ചതായും ബന്ധുക്കള്‍ ആരോപിച്ചു. സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തില്‍ അന്വേഷണത്തിനു തയ്യാറാണെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു. ആരോപണ വിധേയനായ പുരോഹിതന്‍ ഒരാഴ്‌ചയായി വിദേശത്താണ്.












Click it and Unblock the Notifications