ആന്ധ്രയില്‍ പ്രതിപക്ഷം സഭയിലെത്തിയത് കാളവണ്ടിയില്‍

വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ആന്ധ്രയിലെ പ്രതിപക്ഷാംഗങ്ങള്‍ സൈക്കിളിലും കാളവണ്ടിയിലുമാണ് നിയമസഭയിലെത്തിയത്. പ്രതിപക്ഷ നേതാവ് എന്‍ ചന്ദ്രബാബു നായിഡുവാണ് സമരത്തിന് നേതൃത്വം നല്‍കിയത്.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സിപിഐ, സിപിഎം അംഗങ്ങളും സൈക്കിളും കാളവണ്ടിയും സമരായുധങ്ങളാക്കി. ആന്ധ്ര അസംബ്ലിയിലെ ഏക ബിജെപി അംഗമായ ജി കിഷന്‍ റെഡ്ഡി തന്റെ ബൈക്കിലെത്തിയാണ് സമരത്തോട് അനുഭാവം പ്രകടിപ്പിച്ചത്.
ഇന്ധനവില വര്‍ദ്ധന പിന്‍വലിക്കണമെന്നും, ഇതു സംബന്ധിച്ച് ആന്ധ്ര സര്‍ക്കാര്‍ പ്രമേയം പാസാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇന്ധന വില വര്‍ദ്ധന പിന്‍വലിക്കില്ലെന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് ചന്ദ്രബാബു നായിഡു രൂക്ഷമായി വിമര്‍ശിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 11 തവണ യുപിഎ സര്‍ക്കാര്‍ ഇന്ധന വില വര്‍ദ്ധിപ്പിച്ചു. യുപിഎയുടെ സഖ്യകക്ഷികളായ ഡിഎംകെയും, തൃണമൂല്‍ കോണ്‍ഗ്രസും ഇന്ധന വില വര്‍ദ്ധനയ്‌ക്കെതിരെ രംഗത്തു വന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ധനവില വര്‍ദ്ധനയെ കുറിച്ച് അടിയന്തരപ്രമേയം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയില്‍ ബഹളം ഉയര്‍ത്തി. എന്നാല്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ ബഹളം ഉച്ചസ്ഥായിയിലായി. തുടര്‍ന്ന് സ്പീക്കര്‍ കിരണ്‍ കുമാര്‍ സഭ നിര്‍ത്തിവെച്ചു.












Click it and Unblock the Notifications