യുവാക്കളുടെ യുദ്ധം രാഹുലിന്റെ പിന്‍ബലത്തില്‍

പ്രായമായിട്ടും കസേരവിടാന്‍ മടിയ്ക്കുന്ന മുതിര്‍ന്ന നേതാക്കളോട് ഏറെനാളായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുറുമുറുപ്പുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം എന്‍എസ്യു പ്രസിഡന്റ് ഹൈബി ഈഡന്‍ പൊതുവേദയില്‍ ഇക്കാര്യം വിളിച്ചുപറഞ്ഞതോടെ മറ്റു നേതാക്കളും ആക്ഷേപങ്ങളുമായി രംഗത്തെത്തുകയായിരുന്നു.
മുതിര്‍ന്നവര്‍ സ്ഥാനമുപേക്ഷിച്ച് തങ്ങള്‍ക്ക് അവസരം നല്‍കണമെന്നതായിരുന്നു യുവാക്കളുടെ ആവശ്യം. ഹൈബിയും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എം ലിജുവുമാണ് കാര്യമായി രംഗത്തുള്ളത്. പരസ്യപ്രസ്താവനകള്‍ പുറത്തുവന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇവര്‍ക്കെതിരെ ആരും അനങ്ങിയിട്ടില്ല.
യുവനേതാക്കളെ നിയന്ത്രിക്കണമെന്ന് കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടുവെന്നും എന്നാല്‍ നേതൃത്വം ഇത് കേട്ടഭാവം നടിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. യൂത്ത് കോണ്‍ഗ്രസിന് പിന്നില്‍ സര്‍വ്വ പിന്തുണയും നല്‍കിക്കൊണ്ട് രാഹുല്‍ ഗാന്ധിയുള്ളതുകൊണ്ടാണ് കേന്ദ്രനേതൃത്വം ഇക്കാര്യം പരിഗണിക്കാത്തതെന്നാണ് അറിയുന്നത്.
രാജ്യസഭാ സീറ്റ് സംബന്ധിച്ച തര്‍ക്കം പരിഹരിക്കാനായി ദില്ലിയിലെത്തിയപ്പോഴാണത്രേ നേതാക്കള്‍ ഇക്കാര്യം നേതൃത്വത്തെ ധരിപ്പിച്ചത്. രാഹുല്‍ രൂപീകരിച്ച പ്രത്യേക സംഘത്തില്‍ ഹൈബി അംഗമാണ്. രാഹുലിന്റെ മിക്ക യാത്രകളിലും ഹൈബി അകമ്പടിയായി പോകാറുമുണ്ട്. ഇതേ ഹൈബിയുടെ പിന്‍ബലത്തിലാണ് ലിജുവിന്റെ പരസ്യപ്രസ്താവന. ഇവര്‍ തമ്മില്‍ നല്ല ബന്ധത്തിലാണുതാനും.
യൂത്ത് കോണ്‍ഗ്രസുമായി ബന്ധപ്പെട്ടകാര്യങ്ങളെല്ലാം നോക്കുന്നത് രാഹുലാണെന്നും അക്കാര്യം ഹൈക്കമാന്റിന് ചര്‍ച്ചചെയ്യാന്‍ കഴിയില്ലെന്നുമാണത്രേ കേരളത്തിലുള്ള നേതാക്കള്‍ക്ക് കേന്ദ്രത്തില്‍ നിന്നും കിട്ടിയ മറുപടി.
രാഹുലിന്റെ അഭിപ്രായംതന്നെയാണ് ഹൈബി പറഞ്ഞതെന്നാണ് സൂചന. രണ്ടില്‍ക്കൂടുതല്‍ പ്രാവശ്യം എംഎല്‍എയും എംപിയുമായവര്‍ മാറിനിന്ന് യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നാണ് രാഹുലിന്റെ അഭിപ്രായം. എന്നാല്‍ കേരളത്തില്‍ ഈ രീതികാലങ്ങളായി നിലനില്‍ക്കുകയാണ്. അക്കാര്യം അവതരിപ്പിക്കാന്‍ രാഹുല്‍ ഹൈബിയെ ഏല്‍പ്പിക്കുകയാണുണ്ടാതെന്നാണ് സൂചന.
രാഹുല്‍ സംസ്ഥാന നേതാക്കളെ പൊതുവേ അടുപ്പിക്കാറില്ല, അതുകൊണ്ട് രാഹുലിനെക്കണ്ട് പരാതി പറയുക സാധ്യവുമല്ല. എന്തായാലും തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ യുവനിര ഉയര്‍ത്തിയ ഈ പ്രതിരോധം കെപിസിസി നേതാക്കളെ ത്രിശങ്കുവിലാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications