ഏകപക്ഷീയ തലാക്ക് ഭരണഘടനാ വിരുദ്ധം: കോടതി
കൊച്ചി: മുസ്ലിം സമുദായത്തിലെ ബഹുഭാര്യത്വവും ഏകപക്ഷീയമായ തലാക്കുകളും ഭരണഘടനാ വിരുദ്ധമെന്നു ഹൈക്കോടതി. മുസ്ലിം സ്ത്രീകള്‍ ഇക്കാരണത്താല്‍ അനുഭവിക്കുന്ന കഷ്ടതകള്‍ ഭരണകൂടം കണ്ടില്ലെന്നു നടിക്കരുതെന്നും ജസ്റ്റിസ് ആര്‍. ബസന്ത് പറഞ്ഞു.
വിവാഹമോചനം നേടിയ മുസ്‌ലിം സ്ത്രീക്ക് മുസ്‌ലിം സ്ത്രീകളുടെ അവകാശ സംരക്ഷണ നിയമം അനുശാസിക്കുന്ന, ജീവിക്കാനുള്ള മാന്യമായ തുക കിട്ടിയിട്ടില്ലെങ്കില്‍, ക്രിമിനല്‍ നടപടിക്രമത്തിലെ 125ാം വകുപ്പുപ്രകാരം ജീവനാംശത്തിന് അവകാശമുണ്ടാവുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ബഹുഭാര്യത്വവും ഏകപക്ഷീയമായ തലാക്കുകളും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഭരണഘടനയുടെ 44ാം അനുച്‌ഛേദം അനുശാസിക്കുന്ന ഏകീകൃത സിവില്‍കോഡിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടേണ്ടതാണ്.
കോടതികള്‍ക്ക് ഇതുവരെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. 1986ല്‍ മുസ്‌ലിം സ്ത്രീകളുടെ അവകാശസംരക്ഷണ നിയമം വന്നെങ്കിലും അതോടെ ക്രിമിനല്‍ നടപടി നിയമത്തിലെ 125ാം വകുപ്പ് പ്രകാരം ചെലവിനുള്ള അവകാശം തീര്‍ത്തും ഇല്ലാതാകുന്നില്ല- കോടതി നിരീക്ഷിച്ചു.
വിധിന്യായം തുടര്‍ നടപടികള്‍ക്കായി ലോ കമ്മിഷന് അയച്ചു നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. തലാക്ക് ചൊല്ലുന്നതിനു മുന്‍പ് ഖുറാന്‍ അനുശാസിക്കുന്ന തരത്തില്‍ രണ്ടു മധ്യസ്ഥര്‍ മുഖേന പ്രശ്‌നപരിഹാരത്തിനുളള സാധ്യത പരിശോധിക്കണമെന്നും യോജിപ്പിലെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ മാത്രമേ തലാക്ക് പാടുളളൂവെന്നും കോടതി പറഞ്ഞു.
ഭാര്യക്കു ജീവനാംശം നല്‍കണമെന്ന മഞ്ചേരി കുടുംബകോടതി ഉത്തരവു ചോദ്യം ചെയ്ത് തിരൂര്‍ മണ്ണിക്കനകത്ത് കുഞ്ഞിമുഹമ്മദിന്റെ ഹര്‍ജി തളളിയാണ് ഉത്തരവ്.ഈ കേസില്‍ തലാക്കിനു മുമ്പായി ഖുറാന്‍ അനുശാസിക്കുംവിധമുള്ള ഒത്തുതീര്‍പ്പുശ്രമം നടന്നിട്ടില്ല എന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാവുന്നതെന്ന് ഹൈക്കോടതി വിലയിരുത്തി.
അതുകൊണ്ടുതന്നെ ഖുറാന്‍ നിര്‍ദേശിക്കുംവിധമോ സുപ്രീംകോടതിവിധിയനുസരിച്ചോ ഉള്ള വിവാഹമോചനം നടന്നിട്ടില്ല. വിവാഹമോചനം സാധുവാണെന്ന് വന്നാല്‍പ്പോലും മാന്യമായ ഉപജീവനത്തുക നല്‍കിയിട്ടില്ലെന്നതിനാല്‍ ക്രിമിനല്‍ നടപടിക്രമമനുസരിച്ചുള്ള ജീവനാംശത്തിന് അവകാശമുണ്ട് എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.












Click it and Unblock the Notifications