എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം: പ്രധാനമന്ത്രി

ആറ് വയസ്സുമുതല്‍ പതിനാല് വയസ് വരെ പ്രായമുള്ള കുട്ടികളുടെ വിദ്യാഭ്യാസം മൗലികാവകാശമാക്കുന്ന നിയമം വ്യാഴാഴ്ച പ്രാബല്യത്തില്‍ വരുന്നതിന്റെ മുന്നോടിയായി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പുതിയ നിയമം പ്രാബല്യത്തിലായതോടെ പ്രാഥമിക വിദ്യാഭ്യാസം സ്വപ്‌നം മാത്രമായി അവശേഷിച്ചിരുന്ന 92 ലക്ഷം കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ അതത് സംസ്ഥാന സര്‍ക്കാരുകള്‍ നിയമപരമായി ബാധ്യസ്ഥരാവും.
രാജ്യത്തിന്റെ മുഴുവന്‍ പങ്കാളിത്തം വരുന്നു എന്നതാണ് വിദ്യാഭ്യാസ അവകാശനിയമത്തെ മറ്റു നിയമങ്ങളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നത്. അതിനാലാണ് നിയമം പ്രാബല്യത്തിലാവുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യാന്‍ കാരണം.
2002ല്‍ 86ാം ഭരണഘടനാ ഭേദഗതിയായി കൊണ്ടുവന്ന ബില്‍ കഴിഞ്ഞവര്‍ഷമാണ് പാര്‍ലമെന്റ് പാസ്സാക്കിയത്. വിവരാവകാശനിയമത്തിനും ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കും പിന്നാലെ യുപിഎ സര്‍ക്കാറിന്റെ ഭരണകാലത്തെ മറ്റൊരു നാഴികക്കല്ലായാണ് ഈ നിയമം വിലയിരുത്തപ്പെടുന്നത്.
ആറിനും പതിനാലിനും ഇടയില്‍ പ്രായമുള്ള 22 കോടി കുട്ടികളാണ് രാജ്യത്തുള്ളത്. ഇതില്‍ സ്‌കൂളില്‍ പോകാന്‍ ഭാഗ്യം ലഭിയ്ക്കാത്ത 92 ലക്ഷം കുട്ടികളുണ്ടെന്നാണ് കണക്കുകള്‍. പദ്ധതി നടപ്പാക്കാനായി വേണ്ടിവരുന്ന മൊത്തം ഫണ്ടിന്റെ 55 ശതമാനം കേന്ദ്രസര്‍ക്കാറും 45 ശതമാനം സംസ്ഥാനസര്‍ക്കാരും നല്‍കും.
അതിനിടെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 25 ശതമാനം സീറ്റുകള്‍ പിന്നാക്കവിഭാഗങ്ങളിലെ കുട്ടികള്‍ക്കായി സംവരണം ചെയ്യണമെന്ന നിയമത്തിലെ വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്നാരോപിച്ച് ചില സ്വകാര്യ വിദ്യാലയങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ നിയമനടപടികള്‍ പദ്ധതിയുടെ നടത്തിപ്പിനെ ബാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications