കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നക്‌സല്‍ വര്‍ഗീസ് വധം കോടതിയില്‍

  • By Lakshmi
Google Oneindia Malayalam News

Naxal Varghese
കൊച്ചി: നക്‌സല്‍ വര്‍ഗീസ് വധക്കേസിന്റെ വിചാരണ നാല്‍പതു വര്‍ഷത്തിനു ശേഷം ചൊവ്വാഴ്ച സിബിഐ പ്രത്യേക കോടതിയില്‍ ആരംഭിക്കും. അന്വേഷി പ്രസിഡന്റും മുന്‍ നക്‌സലുമായ കെ. അജിതയും ഗ്രോ വാസുവും ഉള്‍പ്പെടെ 71 സാക്ഷികളാണു കേസിലുള്ളത്.

മുന്‍ ഡിജിപി വിജയന്‍, മുന്‍ ഐ.ജി ലക്ഷ്മണ എന്നിവരാണ് കേസിലെ പ്രതികള്‍. മറ്റൊരു പ്രതിയായ സിആര്‍പി കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ രണ്ടുവര്‍ഷം മുന്‍പ് മരിച്ചു.

1970 ഫിബ്രവരി 18നാണ് വയനാട്ടിലെ തിരുനെല്ലിയില്‍ വെച്ച് വര്‍ഗീസ് പ്രതികളായ പോലീസുകാരുടെ ഗൂഢാലോചനയെത്തുടര്‍ന്ന് വെടിയേറ്റ് മരിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം താന്‍ വര്‍ഗീസിനെ വെടിവെച്ചുകൊന്നുവെന്നാണ് കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ സിബിഐയ്ക്ക് മൊഴി നല്‍കിയിരുന്നത്.

വര്‍ഗീസിന്റെ സഹോദരന്മാരായ അരിക്കാട് തോമസ്, ജോസഫ് എന്നിവരെ ചൊവ്വാഴ്ച വിസ്തരിക്കും. കോഴിക്കോട് കൊമ്മേരി സ്വദേശി ദിവാകരന്‍, തിരുനെല്ലി സ്വദേശി ചോമന്‍ എന്നിവര്‍ക്കും കോടതി സമന്‍സ് അയച്ചിരുന്നു. ഇതില്‍ ചോമന്‍ ജീവിച്ചിരിപ്പില്ല.

കേസിലെ 71 സാക്ഷികളില്‍ ചോമന്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചതായി കോടതിക്കും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ കൂടുതല്‍ പേര്‍ കേസിന്റെ അന്വേഷണ കാലഘട്ടത്തില്‍ മരിച്ചിട്ടുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണു സൂചന.

നിലവില്‍ എന്‍ഐഎ കേസുകള്‍ കൈകാര്യം ചെയ്യുന്ന സിബിഐ പ്രത്യേക കോടതി ജഡ്ജി എസ്. വിജയകുമാറാണു നക്‌സല്‍ വര്‍ഗീസ് കേസിലും വാദം കേള്‍ക്കുന്നത്. സിബിഐക്കു വേണ്ടി പ്രോസിക്യൂട്ടര്‍ വൈക്കം എന്‍. പുരുഷോത്തമന്‍നായര്‍ ഹാജരാവും.

മുന്‍ ഡിജിപി, ഐജി എന്നിവരെ പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിക്കുന്ന കേരളത്തിലെ ആദ്യ കൊലക്കേസാണിത്. വര്‍ഗീസിനെ വെടിവച്ചു കൊന്നതു സംബന്ധിച്ച കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍നായരുടെ കുറ്റസമ്മതത്തിനു ശേഷം 1999 ല്‍ ഹൈക്കോടതി ജഡ്ജിയായിരുന്ന സി.എസ് രാജനാണു കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X