എവറസ്റ്റിന് അരികെ ചൈനയുടെ വിമാനത്താവളം
ബെയ്ജിങ്: ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിന് അരികില്‍ ചൈന വിമാനത്താവളം നിര്‍മ്മിയ്ക്കുന്നു. സമാധാന എയര്‍പോര്‍ട്ട് (പീസ് എയര്‍പോര്‍ട്ട് ) എന്ന് പേര് നല്‍കിയിരിക്കുന്ന വിമാനത്താവളം പര്‍വതാരോഹകരെ ഉദ്ദേശിച്ചാണ് നിര്‍മ്മിയ്ക്കുന്നത്.
ഷിഗേറ്റ്‌സ് മേഖലയില്‍ നിര്‍മ്മിയ്ക്കുന്ന വിമാനത്താവളത്തിന് 71.7 മില്യണ്‍ ഡോളറാണ് ചെലവ് പ്രതീക്ഷിയ്ക്കുന്നത്.
പഞ്ചന്‍ലാമയുടെ ആസ്ഥാനമായ തഷില്‍ഹുന്‍പോയിലേക്കു കൂടുതല്‍ വിനോദസഞ്ചാരികളെ എത്തിക്കുകയും മേഖലയിലെ വിനോദസഞ്ചാരം പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യം കൂടി പുതിയ പദ്ധതിയ്ക്കുണ്ട്. ദലൈലാമയ്ക്ക് പകരം ചൈനീസ് സര്‍ക്കാര്‍ നിയമിച്ച പഞ്ചന്‍ലാമയാണു നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്നത്. അടുത്തിടെ ഇദ്ദേഹത്തെ ചൈനീസ് പാര്‍ലമെന്റിലേക്കു തിരഞ്ഞെടുത്തിരുന്നു. ദലൈലാമക്കെതിരെയുള്ള പ്രചാരണങ്ങളില്‍ ചൈനീസ് സര്‍ക്കാരിനെ സഹായിക്കുന്നതു പഞ്ചന്‍ ലാമയാണ്.
ചൈന-നേപ്പാള്‍ ദേശീയപാതയിലാണ് ഷിഗേറ്റ്‌സ്. അതിനാല്‍ തന്നെ യാത്രക്കാര്‍ക്കു വരാനും പോകാനും എളുപ്പമാകും. ഏപ്രില്‍ അവസാനത്തോടെ ആരംഭിക്കുന്ന എയര്‍പോര്‍ട്ടിന്റെ നിര്‍മാണം ഒക്ടോബറില്‍ പൂര്‍ത്തിയാക്കും. പ്രതിവര്‍ഷം 2,30,000 യാത്രക്കാരെയും 1,150 ടണ്‍ ചരക്കും കൈകാര്യം ചെയ്യാന്‍ പുതിയ എയര്‍പോര്‍ട്ടിനു സാധിക്കും.
ടിബറ്റന്‍ മേഖലയിലെ അഞ്ചാമത്തെ വിമാനത്താവളമാണിത്. ടിബറ്റിലെ തന്നെ നഖ്വയില്‍ ചൈന മറ്റൊരു വിമാനത്താവളം നിര്‍മ്മിയ്ക്കുന്നുണ്ട്. 4,436 അടി ഉയരത്തിലുള്ള ഇത് ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വിമാനത്താവളമാണ്.
പീസ് എയര്‍പോര്‍ട്ട് എന്നാണ് പേരിട്ടിരിയ്ക്കുന്നതെങ്കിലും പുതിയ വിമാനത്താവളം ടിബറ്റിലെ വിമതര്‍ക്കും അയല്‍ രാജ്യമായ ഇന്ത്യയ്ക്കുമുള്ള സന്ദേശമായി കാണേണ്ടി വരുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.


Click it and Unblock the Notifications