ശശി തരൂരിനെ കെപിസിസിയിലെടുത്തേയ്ക്കും

യുഎന്‍ മുന്‍ അണ്ടര്‍സെക്രട്ടറിയായിരുന്ന ശശി തരൂര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ നേരെ ദേശീയരാഷ്ട്രീയത്തിലേയ്ക്കാണ് പ്രവേശിച്ചത്.
അതുകൊണ്ടുതന്നെ കേരളത്തിലെ സംഘടനാകാര്യങ്ങളുമായും മറ്റും ബന്ധപ്പെടാനുള്ള അദ്ദേഹത്തിന്റെ അവസരങ്ങള്‍ കുറച്ചു. രാഷ്ട്രീയ ഭാവി മെച്ചപ്പെടണമെങ്കില്‍ കേരളത്തിലെ സംഘടനാബന്ധങ്ങള്‍ അനിവാര്യമാണ്.
ഇപ്പോള്‍ ഐപിഎല്‍ വിവാദത്തെത്തുടര്‍ന്ന് കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച് കേരളത്തിലേയ്ക്ക് പ്രവര്‍ത്തിക്കാനെത്തിയ അദ്ദേഹത്തെ കണ്ടില്ലെന്ന് നടിക്കാന്‍ കെപിസിസിയ്ക്ക് കഴിയില്ല. അതിനാല്‍ കെപിസിസി അംഗമാക്കി കേരളത്തില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഔദ്യോഗികമാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനമെന്നറിയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
കേരളത്തില്‍ത്തന്നെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ സ്വാഭാവികമായും അദ്ദേഹത്തെ കെപിസിസി നിര്‍വാഹകസമിതിയിലെങ്കിലും ഉള്‍പ്പെടുത്തേണ്ടിവരും. അങ്ങനെ ചെയ്യണമെങ്കില്‍ ആദ്യം കെപിസിസി അംഗമാക്കണം.
എന്നാല്‍ തിരുവനന്തപുരം ഡിസിസി നിര്‍ദ്ദേശിച്ച 26 പേരുടെ ആദ്യപട്ടികയില്‍ പക്ഷേ തരൂരിന്റെ പേരില്ലെന്നാണ് സൂചന. നിലവിലെ കെപിസിസി അംഗങ്ങളെയാണ് ഡിസിസി നിര്‍ദ്ദേശിച്ചത്. ഇനി ഈ പട്ടികയില്‍ രണ്ടുപേരെക്കൂടി മാത്രമേ ഉള്‍പ്പെടുത്താനാകൂ.
അതിലേക്കായി തരൂരടക്കം ഏഴുപേരുടെ പട്ടികയാണു കെപിസിസി നേതൃത്വത്തിനു ഡിസിസി നല്‍കിയിരിക്കുന്നത്. എന്നാല്‍ തരൂരിനെ തിരുവനന്തപുരം ജില്ലയില്‍ ഉള്‍പ്പെടുത്തി കെപിസിസിയേക്ക്് എടുക്കുന്നതിനെതിരെ ഒരു സംഘം രംഗത്തുവന്നിട്ടുണ്ടെന്നാണ് സൂചന.
തിരുവനന്തപുരമടക്കം ഏതാനും ജില്ലകളിലെ കെപിസിസി അംഗപ്പട്ടിക ഇനിയും നേതൃത്വം അംഗീകരിക്കാനുണ്ട്.












Click it and Unblock the Notifications