ജാതിമാറി വിവാഹം: ദമ്പതികളെ വധിച്ചു
മഹേരു: കുടുംബത്തെ ധിക്കരിച്ച് ജാതി മാറി വിവാഹിതരായ ദമ്പതികളെ ബന്ധുക്കള്‍ തിരഞ്ഞുപിടിച്ച് വധിച്ചു. ബീഹാറില്‍ നിന്ന് ഒളിച്ചോടിയ വധൂവരന്‍മാരെ പഞ്ചാബിലെ മഹേറുവിലുള്ള ഒരു ഫാം ഹൌസില്‍ വച്ചാണ് കൊലചെയ്തത്.
കമലേഷ് (23) എന്ന യുവാവും ഖുശ്ബു (20) എന്ന യുവതിയുമാണ് അഭിമാനക്കൊലപാതകത്തിന് ഇരയായത്. കമലേഷ് യാദവ സമുദായത്തില്‍ നിന്നുള്ളയാളാണ്. അതേസമയം, ഖുശ്ബു ബാഹ്മണ സമുദായാംഗമാണ്.
ജെഹാനബാദ് ജില്ലയിലെ പഹാര്‍പൂര്‍ ഗ്രാമത്തിലാണ് കമലേഷിന്റെ വീട്. അയല്‍ ഗ്രാമത്തില്‍ നിന്നുള്ള ഖുശ്ബുവുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. ഇക്കാര്യം അറിഞ്ഞ അരവിന്ദ് ശര്‍മ്മ കമലേഷിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
വിവാഹത്തിനു ശേഷം നാടുവിട്ട ഇവര്‍ കഴിഞ്ഞ എട്ട് മാസമായി ജോലി ചെയ്തിരുന്ന കൃഷിയിടത്തിലെ കെട്ടിടത്തിനു മുകളില്‍ ഉറങ്ങിക്കിടക്കവെയാണ് കൊലപാതകത്തിന് ഇരയായത്. ഇരുവരും കൊല്ലപ്പെടുമെന്ന് ഭയപ്പെട്ടിരുന്നതായി ഇവരോട് അടുത്ത വൃത്തങ്ങള്‍ പൊലീസിനോട് പറഞ്ഞു.
ഖുശ്ബുവിന്റെ പിതാവ് അരവിന്ദ് ശര്‍മ്മയ്‌ക്കെതിരെ പൊലീസ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.












Click it and Unblock the Notifications