സ്ത്രീധനപീഡനം: യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടു
ദില്ലി: സ്ത്രീധനം ആവശ്യപ്പെട്ടുള്ള ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും അക്രമത്തില്‍ 23കാരിയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു. നജഫ്ഗഢിലാണ് സംഭവം നടന്നത്.
ഹരിയാന സ്വദേശിയായ ഗീതയുടെ ഒരു കണ്ണിന്റെ കാഴ്ചശക്തിയാണ് നഷ്ടപ്പെട്ടത്. ഭര്‍ത്താവ് വിനോദും (28) കുടുംബാംഗങ്ങളും ഒരു ലക്ഷം രൂപ ഗീതയില്‍ നിന്ന് സ്ത്രീധനം ആവശ്യപ്പെടുകയായിരുന്നു.
ഗീത പെണ്‍കുഞ്ഞിന് ജന്മം നല്‍കിയശേഷമായിരുന്നു ഭര്‍ത്തൃകുടുംബാംഗങ്ങള്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കാന്‍ തുടങ്ങിയത്. കൂര്‍ത്തമുനയുള്ള ആയുധംകൊണ്ട് അടിക്കുമ്പോഴാണ് കണ്ണിന് പരിക്കേറ്റത്.
കാഴ്ച നഷ്ടപ്പെട്ട ഗീതയെ ദീന്‍ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആദ്യം സമാധാനം ലംഘിച്ചതിനായിരുന്നു പോലീസ് കേസെടുത്തത്. വസ്തുതകള്‍ പുറത്തുവന്നതോടെ സ്ത്രീധനപീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.
നേരത്തേ ഗീതയെ സ്ത്രീധനത്തിന്റെ പേരില്‍ കൊലപ്പെടുത്താന്‍ ഭര്‍ത്തൃവീട്ടുകാര്‍ ശ്രമിച്ചിരുന്നെന്ന് ഗീതയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. അന്നത്തെ സംഭവത്തിന് ശേഷം 20,000 രൂപ ഭര്‍ത്തൃവീട്ടുകാര്‍ക്ക് നല്കി.
പിന്നീട് ഗീതയെ തീവെച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും അരലക്ഷം രൂപ നല്കുകയുമായിരുന്നു. ഇത്തവണ വിവാഹമോചനം നടത്തുമെന്നായിരുന്നു വിനോദിന്റെ ഭീഷണി.
എന്നാല്‍ ഭീഷണിക്ക് വഴങ്ങിക്കൊടുക്കാന്‍ തയ്യാറാകാത്ത ഗീതയും വീട്ടുകാരും പണവും നല്കിയില്ല. ഇതാണ് മര്‍ദനത്തില്‍ കലാശിച്ചത്. രണ്ട് വര്‍ഷം മുമ്പാണ് ഗീതയുടെയും വിനോദിന്റെയും വിവാഹം നടന്നത്.












Click it and Unblock the Notifications