സെയില്‍സ്മാന്‍ ചമഞ്ഞ് തട്ടിപ്പ്: യുവതി പിടിയില്‍

കൊട്ടിയം തഴുത്തല ആബ്‌സ് ടൈല്‍സില്‍ കഴിഞ്ഞ അഞ്ചുമാസമായി റാണി 'ശ്രീകാന്ത്' എന്നപേരില്‍ ജോലി ചെയ്തുവരുകയായിരുന്നു. അഞ്ചുലക്ഷത്തോളം രൂപ സ്ഥാപനത്തിന്റെ പേരില്‍ റാണി തിരിമറി നടത്തിയെന്നാണു സൂചന.
പത്രപ്പരസ്യം കണ്ടു കഴിഞ്ഞ ഏപ്രില്‍ ഒന്‍പതിനാണു ശ്രീകാന്ത് എന്ന പേരില്‍ റാണി അബ്‌സ് ടൈല്‍സില്‍ ജോലിക്കെത്തിയത്. അച്ഛനൊപ്പം യുവാവിനെപ്പോലെ വേഷം ധരിച്ചെത്തിയ റാണിയെ ആരും സംശയിച്ചില്ല.
ശ്രീകാന്തെന്ന പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെയും ബി.കോം സര്‍ട്ടിഫിക്കറ്റിന്റെയും പകര്‍പ്പും വിശദമായ ബയോഡാറ്റയും സ്ഥാപന ഉടമ സിയാദിനു നല്‍കി. കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി വിവിധ ഏജന്‍സികളില്‍നിന്നുള്ള കലക്ഷന്‍ ചുമതലയാണു റാണിക്കുണ്ടായിരുന്നത്. ബൈക്കിലായിരുന്നു സ്ഥിരം യാത്ര.
കഴിഞ്ഞ 21നു സ്ഥാപനത്തിന്റെ സെയില്‍സ് സ്‌റ്റേറ്റ്‌മെന്റില്‍ വന്ന അയ്യായിരം രൂപയുടെ വ്യത്യാസമാണു റാണിയുടെ പ്രവര്‍ത്തനങ്ങളില്‍ സംശയമുണ്ടാകാനിടയാക്കിയത്. തുടര്‍ന്നുള്ള ദിവസങ്ങളിലെ സ്‌റ്റേറ്റ്‌മെന്റുകളില്‍ വ്യാപക ക്രമക്കേടു കണ്ടതിനെ തുടര്‍ന്ന് സ്ഥാപനമുടമ വിവിധ ഡീലര്‍മാരുമായി ബന്ധപ്പെട്ടു. അതോടെ പതിനായിരങ്ങളുടെ തിരിമറി ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
ശ്രീകാന്തിനെ ചോദ്യം ചെയ്തപ്പോള്‍ ബന്ധുവിനൊപ്പം സ്ഥാപനത്തിലെത്തി പണം തിരികെ നല്‍കാമെന്നു സമ്മതിച്ച് മടങ്ങിയെങ്കിലും സ്ഥാപന ഉടമ തന്നെ മര്‍ദിച്ചെന്ന് കാണിച്ച് 'റാണി' പോലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് സ്ഥാപനമുടമയും സുഹൃത്തുക്കളും ശ്രീകാന്തിനെ അന്വേഷിച്ചു കൊല്ലത്തെത്തിയപ്പോഴാണ് അങ്ങനെയൊരാള്‍ 'രാമമന്ദിര'ത്തില്‍ ഇല്ലെന്നും അവിടുത്തെ താമസക്കാരനായ മഹാദേവന് മൂന്നു പെണ്‍മക്കളാണെന്നും മനസിലാക്കിയത്. ശ്രീകാന്തിന്റെ ഫോട്ടോ സമീപവാസികളെ കാണിച്ചപ്പോഴാണു റാണിയെ തിരിച്ചറിഞ്ഞത്.
സിയാദ് കൊട്ടിയം സ്‌റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ചാത്തന്നൂര്‍ സി.ഐ: ജവഹര്‍ ജനാര്‍ദ് കൊട്ടിയം എസ്.ഐ: മുഹമ്മദ് ഖാന്‍ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പ്രതിയെ കൊല്ലത്തുനിന്നു കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യപരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴാണു തട്ടിപ്പുകഥ പരസ്യമായത്. റാണി സ്ഥാപനത്തില്‍ നല്‍കിയ ഐഡി കാര്‍ഡിന്റെയും സര്‍ട്ടിഫിക്കറ്റിന്റെയും പകര്‍പ്പുകള്‍ വ്യാജമാണെന്നു തെളിഞ്ഞു. യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.












Click it and Unblock the Notifications