മൊബൈല്‍ ഫോണ്‍: മൈക്രോമാക്സ് കുതിയ്ക്കുന്നു
ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ മൈക്രോമാക്സ് കുതിപ്പിന്റെ പാതയിലാണ്. വൈകാതെ ഓഹരി ഇഷ്യൂ നടത്താന്‍ മൈക്രോമാക്സ് ഇന്‍ഫര്‍മാറ്റിക്സ് ലിമിറ്റഡ് എന്ന ഈ കമ്പനി ആലോചിയ്ക്കുന്നുണ്ട്. അതിന്റെ മുമ്പായി വ്യവസായം വികസിപ്പിയ്ക്കാന്‍ വേണ്ടി കൂടുതല്‍ മൂലധനം കണ്ടെത്തുകയാണ് ഇപ്പോള്‍ കമ്പനി.
മൂന്ന് സ്വകാര്യ ഫണ്ടിംഗ് ഏജന്‍സികള്‍ ഈ കമ്പനിയില്‍ ഇപ്പോള്‍ നിക്ഷേപിച്ചത് 430 ലക്ഷം ഡോളറാണ്. അതായത് ഏകദേശം 194.79 കോടി രൂപ. പത്ത് ശതമാനം ഓഹരികളാണ് ഈ തുകയ്ക്ക് മൈക്രോമാക്സ് നിക്ഷേപകര്‍ക്ക് നല്‍കിയത്. സെക്യുയ, സാന്‍ഡ് സ്റ്റോണ്‍ കാപ്പിറ്റല്‍, മാഡിസന്‍ ക്യാപ്പിറ്റല്‍ എന്നിവയാണ് പ്രധാനമായി കമ്പനിയില്‍ നിക്ഷേപം നടത്തിയത്. സെക്യുയ ക്യാപ്പിറ്റലിന്റെ പ്രതിനിധി മൈക്രോമാക്സിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ചേരും.
ഈ വര്‍ഷം ആദ്യം ടി എ അസോസിയേറ്റ്സ് എന്ന സ്വകാര്യ നിക്ഷേപക സ്ഥാപനം മൈക്രോമാക്സില്‍ 204 കോടി രൂപയോളം നിക്ഷേപിച്ചിരുന്നു. കമ്പനി മൂല്യം അന്നത്തേതില്‍ നിന്ന് ഇപ്പോള്‍ഏകദേശം 100 ശതമാനം കൂടിയിട്ടുണ്ട്.
ഇപ്പോള്‍ ഇന്ത്യയിലെ മൊബൈല്‍ ഹാന്റ് സെറ്റ് വിപണിയുടെ 4.1 ശതമാനം മൈക്രോമാക്സിനാണ്. സ്പൈസ്, കാര്‍ബണ്‍, ലാവ തുടങ്ങിയ ഇനത്യന്‍ കമ്പനികളാണ് മൈക്രോമാക്സിന്റെ വിപണിയിലെ പ്രധാന എതിരാളികള്‍.
രണ്ട് സിമ്മുള്ള ഫോണുകള്‍ ഇറക്കുന്നതും നൂതന സൗകര്യങ്ങള്‍ ഉള്ള ഫോണുകള്‍ കുറഞ്ഞ വിലയ്ക്ക് ഇറക്കുന്നതുമാണ് മൈക്രോമാക്സിന്റെ വിജയത്തിന്റെ പ്രധാന കാരണം. ഇപ്പോള്‍ മൈക്രോമാക്സ് ഇന്ത്യയ്ക്ക് പുറമേ അയല്‍ രാജ്യങ്ങളായ നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലും വിപണി കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications