വൈദികനുമായി പ്രണയം: യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു
കോട്ടയം: വൈദികനുമായുള്ള പ്രണയം വീട്ടുകാര്‍ അംഗീകരിയ്ക്കാത്തതിനെ തുടര്‍ന്ന് പത്തൊമ്പതുകാരി കോളെജ് ഹോസ്റ്റലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോട്ടയം കുറവിലങ്ങാട് ലൂര്‍ദ് മാതാ സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് ആന്‍ഡ് പാരാമെഡിക്കല്‍ എന്ന സ്ഥാപനത്തിന്റെ താല്‍ക്കാലിക ഹോസ്റ്റലിലാണ് പ്രമേഹരോഗത്തിനുളള ഇന്‍ജക്ഷന്‍ അമിതമായി ഉപയോഗിച്ച യുവതിയെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്.
പിറവം സ്വദേശിനിയായ യുവതിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ പക്കല്‍ നിന്നും കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ നിന്നാണ് പൊലീസിന് വിവരങ്ങള്‍ ലഭിച്ചത്.
2008ല്‍ ലൂര്‍ദ്മാതായില്‍ നഴ്‌സിംഗ് പഠനം പുര്‍ത്തിയാക്കിയ യുവതി പഠനസമയത്ത് സഹപാഠിയുടെ ബന്ധുവായ പത്തനംതിട്ട സ്വദേശിയായ വൈദികനുമായി യുവതി അടുപ്പത്തിലായതായി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ച ഇവര്‍ ടെലിഫോണിലൂടെ ബന്ധം തുടര്‍ന്നിരുന്നു. യുവതി ഉത്തര്‍പ്രദേശിലെ കാന്തൂരില്‍ ജോലിചെയ്തുവരുകയായിരുന്നു. യുവതിയുമായുളള ബന്ധം പുറത്തറിഞ്ഞതോടെ വൈദികനെ ഗുജറാത്തിലെ ബറോഡയിലേക്കു സ്ഥലംമാറ്റി. ഇരുവരുടെയും വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ത്തിരുന്നു. ഈ മാസം ആദ്യം യുവതി ബറോഡയിലെത്തി. രണ്ടുദിവസം താമസിച്ചു. സഹോദരിയെന്നാണ് അവിടെ പറഞ്ഞിരുന്നതെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
പിന്നീട് ചെന്നൈ, എറണാകുളം, ചെറുകോല്‍പുഴ എന്നിവിടങ്ങളില്‍ ഇരുവരും ഒരുമിച്ചു താമസിച്ചു. കഴിഞ്ഞ 24ന് പത്തനംതിട്ടയിലെ വൈദികന്റെ വീട്ടില്‍ ഇരുവരും എത്തി. എന്നാല്‍ വീട്ടുകാര്‍ ഇവരെ മര്‍ദ്ദിച്ചു. തുടര്‍ന്ന് ബലമായി ധ്യാനകേന്ദ്രത്തില്‍ കൊണ്ടുപോകാന്‍ ശ്രമം നടത്തിയതായും ധ്യാനകേന്ദ്രത്തിലേക്കുളള യാത്രയ്ക്കിടയില്‍ കുറവിലങ്ങാട്ട് നേരത്തേ പഠനം നടത്തിയ സ്ഥാപനത്തില്‍ ഇറക്കിവിടണമെന്ന് താന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിലുണ്ട്,. ഇവിടെ വെച്ചാണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചത്. സംഭവത്തെക്കുറിച്ച് കുറുവിലങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications