അവസാനം നോബേല്‍ കിട്ടിയ വിവരം ലിയു അറിഞ്ഞു

സിയാബോയെ ഭാര്യ ലിയു സിയ ഞായറാഴ്ച സന്ദര്‍ശിച്ചിരുന്നു. ഭാര്യയാണ് അദ്ദേഹത്തെ പുരസ്‌കാര വിവരം അറിയിച്ചത്. ഇക്കാര്യം ഹോങ്കോങ് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു.
ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയ ജയിലിന്റെ പരിസരത്തേക്ക് മാധ്യമപ്രവര്‍ത്തകരെയോ മറ്റു സന്ദര്‍ശകരെയോ പോലീസ് പ്രവേശിപ്പിച്ചില്ല.
ചൈനീസ് ഭരണകൂടത്തിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് നൊബേല്‍ സമിതി ജനാധിപത്യ പോരാട്ടം നടത്തുന്ന ലിയു സിയാബോയെ ഈ വര്‍ഷത്തെ സമാധാന പുരസ്‌കാരത്തിനു തിരഞ്ഞെടുത്തത്.
11 വര്‍ഷത്തെ തടവു ശിക്ഷയ്ക്കു വിധിക്കപ്പെട്ട് ലിയോനിങ് പ്രവിശ്യയിലെ ജിന്‍ഷു ജയിലില്‍ കഴിയുന്ന ലിയു പുരസ്‌കാര വാര്‍ത്ത അറിഞ്ഞിരുന്നില്ല. ബെയ്ജിങ്ങില്‍ കഴിയുന്ന ഭാര്യ ലിയു സിയയെ കഴിഞ്ഞ ദിവസമാണ് പോലീസെത്തി ലിയോനിങ്ങിലേക്കു കൊണ്ടുപോയത്.
അതിനുശേഷം അവര്‍ക്കു പുറംലോകവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ സിയ വീട്ടു തടങ്കലിലാണെന്ന അഭ്യൂഹം പരന്നിരുന്നു. ഞായറാഴ്ച വൈകിട്ട് അവര്‍ ജയിലിലെത്തി ഭര്‍ത്താവിനെ കണ്ട കാര്യം സ്ഥിരീകരിച്ചതോടെയാണ് ഇക്കാര്യത്തിലുള്ള ആശങ്കമാറിയത്.
ലിയുവിനെയും തടങ്കലിലുള്ള മറ്റു മനുഷ്യാവകാശ പ്രവര്‍ത്തകരെയും ഉടന്‍ വിട്ടയയ്ക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ചൈന വഴങ്ങിയിട്ടില്ല.
ലിയുവിന് പുരസ്‌കാരം നല്‍കാനുള്ള നൊബേല്‍ സമിതിയുടെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച ചൈന പറയുന്നത് ജയിലിലുള്ള കുറ്റവാളിക്ക് പുരസ്‌കാരം നല്‍കുന്നത് രാജ്യത്തിനും നൊബേലിനുതന്നെയും അവഹേളനമാണെന്നാണ്.












Click it and Unblock the Notifications