മഞ്ഞളാംകുഴി അലി മടങ്ങിവരണം: വിഎസ്

പാര്‍ട്ടി അംഗമല്ലെങ്കിലും ഇടതുപക്ഷ പുരോഗമനപ്രസ്ഥാനങ്ങള്‍ക്ക് വലിയ സംഭാവന നല്‍കിയ ആളാണ് അലി. മലപ്പുറത്ത് മുസ്‌ലിംലീഗിനും കോണ്‍ഗ്രസിനും വലിയ ആഘാതമേല്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം കൊണ്ട് കഴിഞ്ഞിട്ടുണ്ട്.
അലിയുടെ സഹായം പാര്‍ട്ടിക്ക് ഗുണംചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ നിലപാട് ഇടതുപക്ഷത്തെ ക്ഷീണിപ്പിക്കുന്നതും യുഡിഎഫിനെ പരോക്ഷമായി സഹായിക്കുന്നതുമാണ്. ഇത് പിന്തിരിപ്പന്‍ നിലപാടാണ്.
വിഎസുമായി അടുപ്പമുള്ളതുകൊണ്ടാണ് തനിക്ക് പ്രശ്‌നങ്ങളുണ്ടായതെന്ന അലിയുടെ അഭിപ്രായം താന്‍ മുഖവിലക്കെടുക്കുന്നില്ല. അങ്ങനെ അദ്ദേഹത്തിന് തോന്നിയതിനെ കുറ്റപ്പെടുത്തുന്നുമില്ല. എന്നാല്‍ ഇപ്പോള്‍ സ്വീകരിച്ച നിലപാട് ശരിയല്ല.
അബ്ദുള്ളക്കുട്ടിയും മനോജും പാര്‍ട്ടി വിട്ടെന്നുകരുതി ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ സി.പി.എം. വിട്ടുപോകുന്നതായുള്ള പ്രചാരണം അതിശയോക്തിപരമാണ്. കെഎസ് മനോജ് സീറ്റ് കൊടുക്കാത്തതുകൊണ്ട് പോയി. സെബാസ്റ്റിയന്‍പോളിനെ ന്യൂനപക്ഷമെന്ന നിലയില്‍ കാണേണ്ട ആളല്ല. വിവിധ തലങ്ങളില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ആളെന്ന രീതിയിലാണ് അദ്ദേഹത്തെ കാണേണ്ടത്.
എല്ലാവരെയും എംഎല്‍എയും എംപിമാരും ആക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ല. ഓരോ കാലത്തും സ്വീകരിക്കുന്ന നയസമീപനങ്ങളുടെ ഭാഗമായിട്ടാണ് ഇത്തരം തീരുമാനങ്ങള്‍ ഉണ്ടാകുന്നത്. അതിനെ പ്രതികാരമോ വിവേചനമോ ആയി കാണേണ്ടതില്ല.
തദ്ദേശഭരണതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്. വന്‍വിജയം നേടും. യു.ഡി.എഫില്‍ വന്‍പൊട്ടിത്തെറി ഉണ്ടാകാന്‍ പോകുകയാണ്. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ യു.ഡി.എഫിലെ കക്ഷികളില്‍ പലതും അവിടെ കാണില്ലെന്നും വിഎസ് പറഞ്ഞു.












Click it and Unblock the Notifications