മകളെ കൊലപ്പെടുത്തി ആസിഡില്‍ ഉരുക്കാന്‍ ശ്രമിച്ചു
ലണ്ടന്‍: സ്‌കിസോഫ്രീനിയ ബാധിച്ച സ്ത്രീ മൂന്നുവയസുകാരിയായ മകളെ കുത്തിക്കൊന്ന് ആസിഡിലിട്ട് മൃതദേഹം അലിയിച്ചുകളയാന്‍ ശ്രമിച്ചു.
25കാരിയായ ഇമാന്‍ ഒമര്‍ യൂസഫാണ് ക്രൂരകൃത്യം ചെയ്തത്. മകള്‍ അലിയ അഹമ്മദ് ജമായുടെ ശരീരം വികൃതമായ നിലയില്‍ ഇമാന്റെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുക്കുകയായിരുന്നു.
ഒരുദിവസം മുമ്പാണ് സര്‍ക്കാര്‍ നിയമിച്ചിട്ടുള്ള സോഷ്യല്‍ വര്‍ക്കര്‍മാര്‍ അലിയയെ നിരീക്ഷിക്കാന്‍ എത്തിയത്. അമ്മയ്ക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതിനാല്‍ അലിയയുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താനാണ് അവര്‍ എത്തിയത്.
എന്നാല്‍ പിന്നീട് അയല്‍ക്കാര്‍ വിവരമറിയിച്ചതനുസരിച്ച് ഇമാന്റെ വീട്ടില്‍ എത്തിയ പൊലീസ് കണ്ടത് കറുത്ത് കരിവാളിച്ച് ഒരു അടയാളവും തിരിച്ചറിയാനാകാത്ത അലിയയുടെ മൃതശരീരമാണ്.
സള്‍ഫ്യൂരിക്ക് ആസിഡില്‍ അലിയയെ ഇട്ടിരിക്കണമെന്ന് പൊലീസ് പറഞ്ഞു. അലിയയുടെ നെഞ്ചില്‍ ആഴത്തിലുള്ള ഒട്ടേറെ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. മകളെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ ശേഷമാണ് അമ്മ ആസിഡില്‍ ഇട്ടതെന്നാണ് പൊലീസിന്റെ നിഗമനം.
ഇമാനെതിരെ പൊലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടെങ്കിലും കോടതിയില്‍ കേസ് തള്ളിപ്പോകാനാണ് സാധ്യത. തീവ്രമായ പാരനോയ്ഡ് സ്‌കിസോഫ്രേനിയയ്ക്ക് അടിമയാണ് ഇമാനെന്ന് ചികിത്സിക്കുന്ന മാനസികരോഗ വിദഗ്ധര്‍ പറഞ്ഞു.












Click it and Unblock the Notifications