റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം ഉയര്‍ത്തി
മുംബൈ: പെരുകുന്ന പണപ്പെരുപ്പം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ റിവേഴ്‌സ്, റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം വര്‍ദ്ധിപ്പിച്ചു കൊണ്ട് റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു.
വാണിജ്യബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്നു വാങ്ങുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് ആറു ശതമാനത്തില്‍ നിന്ന് 6.25 ശതമാനമായും, ബാങ്കുകളുടെ കൈവശമുള്ള അധികപണം റിസര്‍വ്ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന പലിശയായ റിവേഴ്‌സ് റിപ്പോ അഞ്ച് ശതമാത്തില്‍ നിന്ന് 6.25 ശതമാനമായുമാണ് ഉയര്‍ത്തിയിരിക്കുന്നത്.
അതേസമയം ബാങ്കുകള്‍ റിസര്‍വ്ബാങ്കില്‍ സൂക്ഷിക്കേണ്ട തുകയായ കരുതല്‍ ധനാനുപാതത്തില്‍ മാറ്റം വരുത്തിയിട്ടില്ല. ഇത് ആറ് ശതമാനമായി തുടരും. ആസൂത്രണ കമ്മീഷന്റെ ആവശ്യപ്രകാരമാണിത്. ബാങ്കുകളിലെ നിക്ഷേപത്തിന്റെ നിശ്ചിത ഭാഗം നിര്‍ബന്ധമായും റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കുന്നതിനെയാണ് കരുതല്‍ ധനാനുപാതം എന്നു പറയുന്നത്.
റിസര്‍വ് ബാങ്ക് നടപടിമൂലം വാണിജ്യബാങ്കുകള്‍ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചേക്കും. ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധിയ്ക്കാനും സാധ്യതയുണ്ട്. ഈ വര്‍ഷം തുടര്‍ച്ചയായി ആറാം തവണയാണ് റിസര്‍വ് ബാങ്ക് മുഖ്യപലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നത്.












Click it and Unblock the Notifications