മത്സ്യബന്ധന ബോട്ട് കടലില്‍ കത്തി നശിച്ചു
ബേപ്പൂര്‍: ബേപ്പൂരില്‍ നിന്നും പുറപ്പെട്ട മീന്‍പിടുത്ത ബോട്ട് താനൂരിന് സമീപം പുറംകടലില്‍ കത്തിനശിച്ചു.
ബോട്ടിലുണ്ടായിരുന്ന സ്രാങ്ക് ഉള്‍പ്പെടെ ഏഴു മത്സ്യത്തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബേപ്പൂര്‍ സ്വദേശികളായ ് സിറാജ്. സജീവന്‍, റാസി, യാക്കൂബ്, നിഷാദ്, കൊല്ലം സ്വദേശികളായ അലക്‌സ്, രാജം എന്നീ തൊഴിലാളികളാണ് രക്ഷപ്പെട്ടത്.
തിങ്കളാഴ്ച ബേപ്പൂര്‍ തുറമുഖത്തുനിന്ന് മീന്‍പിടിത്തത്തിനുപോയ 'ഹജിറ' എന്ന ബോട്ടിന് എന്‍ജിന്‍ സ്റ്റാര്‍ട്ടാക്കുന്നതിനിടെ തീപിടിക്കുകയാണുണ്ടായതെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു.
ഡക്കിനു മുകളില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് നിറച്ച സിലിണ്ടറും മുവായിരം ലിറ്റര്‍ ഡീസലും ഉണ്ടായിരുന്നതിനാല്‍ ബോട്ടില്‍ വന്‍സ്‌പോടനം നടന്നു. തീയണയ്ക്കാന്‍ തൊഴിലാളികള്‍ നടത്തിയ ശ്രമങ്ങള്‍ ഫലിച്ചില്ല.
വയര്‍ലെസിലൂടെ കരയില്‍ വിവരമെത്തിച്ചിട്ടും തീരദേശ സേനയോ ഫിഷറീസോ രക്ഷാപ്രവര്‍ത്തനത്തിനെത്തിയില്ലെന്ന് തൊഴിലാളികള്‍ പരാതിപ്പെട്ടു. മൂന്നര മണിക്കൂര്‍ തുടര്‍ച്ചയായി ബോട്ട് ആളിക്കത്തി.
സംഭവം കണ്ട മറ്റൊരു മീന്‍ പിടുത്ത ബോട്ടാണ് ഒടുവില്‍ കത്തുന്ന ബോട്ടില്‍നിന്ന് നാലു മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി തിരൂര്‍ ഹാര്‍ബറിലെത്തിച്ചത്.
ഇവരെ പിന്നീട് മറ്റൊരു ബോട്ട് ബേപ്പൂരിലെത്തിച്ചു. എല്ലാവരെയും ആര്‍.എം. ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications