ഒളിക്യാമറ:പരാതിക്കാരിയുടെ ബന്ധുവിനെതിരെ കുറ്റപത്രം
കോഴിക്കോട്: ഏറെ കോളിളക്കം സൃഷ്ടിച്ച സാഗര്‍ ഹോട്ടല്‍ ഒളിക്യാമറസംഭവത്തില്‍ പരാതിക്കാരിയുടെ ബന്ധുവിനെ പ്രതിചേര്‍ത്ത് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
സ്ത്രീകളുടെ മൂത്രപ്പുരയില്‍ ഒളിക്യാമറ സ്ഥാപിച്ച് ചിത്രീകരണം നടത്തിയ സംഭവത്തിലെ പ്രതിയും ഹോട്ടലിലെ താത്കാലികജീവനക്കാരനുമായ കല്ലാനോട് എടാട്ടാംകുഴി അഖില്‍ജോസിനെ മര്‍ദിച്ചുവെന്ന കേസിലാണ് കുറ്റപത്രം.
പരാതിക്കാരിയുടെ ബന്ധുവായ രാഹുലിനെതിരെ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (നാല്) ജി.മഹേഷ് മുമ്പാകെ നടക്കാവ് എസ്.ഐ രജീഷ്‌കുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
അഖില്‍ജോസിനെതിരെ ഐ.ടി ആക്ട് പ്രകാരം കുറ്റങ്ങള്‍ ചുമത്തി ചൊവ്വാഴ്ചയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ഹോട്ടലില്‍ ഒളിക്യാമറ വെച്ച് നഗ്‌നചിത്രം പകര്‍ത്തിയ അഖില്‍ജോസിനെ രാഹുല്‍ സംഘംചേര്‍ന്ന് മര്‍ദിച്ചെന്ന കേസിലാണ് രാഹുലിനെതിരായ കുറ്റപത്രം. താന്‍ ടോയ്‌ലറ്റില്‍ മൊബൈല്‍ ക്യാമറ മറന്നുവച്ചതായിരുന്നുവെന്നും ഇതിന്റെ പേരില്‍ പൊലീസുകാരുടെ സാന്നിധ്യത്തില്‍ രാഹുല്‍ തന്നെ മര്‍ദിച്ചുവെന്നുമാണ് അഖില്‍ ജോസ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
രാഹുലും കണ്ടാലറിയാവുന്ന മൂന്നുപേരും ഉള്‍പ്പെടെ നാലുപ്രതികളാണ് ഈ കേസിലുള്ളത്. ഈ സംഭവത്തില്‍ രാഹുലിനെ അന്യായമായി മര്‍ദിച്ചുവെന്നതിന് സസ്‌പെന്‍ഷനിലായ നടക്കാവ് അഡീഷണല്‍ എസ്.ഐ സുനില്‍കുമാര്‍ ഉള്‍പ്പെടെ അഞ്ച് പോലീസുകാരും രണ്ട് ഹോട്ടല്‍ ജീവനക്കാരും മെഡിക്കല്‍കോളേജ് ആശുപത്രിയിലെ ഒരു ഡോക്ടറും ഉള്‍പ്പെടെ പതിനൊന്ന് സാക്ഷികളാണുള്ളത്.
2010 മാര്‍ച്ച് 11ന് വൈകിട്ട് മൂന്ന് മണിയോടെ മാവൂര്‍റോഡ് സാഗര്‍ ഹോട്ടലിലാണ് കേസിന്നാസ്പദമായ സംഭവം. സാഗര്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ടോയ്‌ലറ്റില്‍ കയറിയപ്പോഴാണ് മൊബൈല്‍ക്യാമറ കണ്ടെത്തുന്നത്.
തുടര്‍ന്ന് അന്നുതന്നെ ജീവനക്കാരനായ അഖില്‍ജോസിനെ അറസ്റ്റുചെയ്യുകയുമുണ്ടായി. ഇതിനിടെ രാഹുല്‍ അഖില്‍ജോസിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് കേസ്.
അതേസമയം, തന്നെ എസ്.ഐ സുനില്‍ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് രാഹുല്‍ പോലീസിനെതിരായി നല്‍കിയ പരാതിയുടെ അന്വേഷണം ഇതുവരെ എവിടെയുമെത്തിയിട്ടില്ല.












Click it and Unblock the Notifications