കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുസത്കം തുറന്നുവച്ചു പരീക്ഷ;ശുപാര്‍ശ സമര്‍പ്പിച്ചു

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം: റഫറന്‍സ് പുസ്തകം തുറന്നുവച്ചു പരീക്ഷയെഴുതാവുന്ന 'ഓപ്പണ്‍ ബുക്ക് എക്‌സാം' സംവിധാനം സര്‍വകലാശാലകളില്‍ നടപ്പാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിയോഗിച്ച പ്രഫസര്‍ ജേക്കബ് താരു സമിതിയുടെ ശുപാര്‍ശ.

വിദ്യാര്‍ഥികളുടെ ആശങ്ക ഒഴിവാക്കുന്ന തരത്തില്‍ പരീക്ഷകള്‍ സമൂലമായി പരിഷ്‌കരിക്കണമെന്നും സമിതി കൗണ്‍സിലിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു.

പരീക്ഷാഭയം ഒഴിവാക്കാന്‍ കോളജ് തല കൗണ്‍സലിംഗ് സെന്ററുകള്‍ രൂപീകരിക്കണം, ചോദ്യക്കടലാസ് പായ്ക്കു ചെയ്യുന്നതും പൊട്ടിക്കുന്നതും വീഡിയോയില്‍ ചിത്രീകരിക്കണം, പാഠ്യപദ്ധതി രൂപീകരിക്കാനും വിദ്യാഭ്യാസരംഗത്തു സാങ്കേതികവിദ്യ ഉറപ്പുവരുത്താനും സ്ഥിരം സംവിധാനം വേണം, അധ്യാപകര്‍ക്കു തുടര്‍ച്ചയായ പരിശീലനക്ലാസുകള്‍ നടത്തണം- തുടങ്ങിയവയാണ് റിപ്പോര്‍ട്ടിലെ മറ്റു പ്രധാന ശുപാര്‍ശകള്‍.

ചോദ്യക്കടലാസ് തയാറാക്കുന്നതില്‍ സമൂലമാറ്റം വരുത്തണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്. ഒബ്ജക്ടീവ്, ഷോര്‍ട്ട്, പ്രബന്ധ ചോദ്യങ്ങള്‍ പ്രത്യേകം ഉള്‍പ്പെടുത്തണം. ഇവ വെവ്വേറെ പരിശോധിച്ചു മാര്‍ക്കിടുന്നതും പ്രത്യേകസംഘങ്ങളാകും.

പരീക്ഷാ ബോര്‍ഡംഗങ്ങള്‍ക്കായി സര്‍വകലാശാലകള്‍ കൃത്യമായ ഇടവേളകളില്‍ ഓറിയന്റേഷന്‍പരിശീലനപരിപാടികള്‍ സംഘടിപ്പിക്കണം. സിലബസിന്റെ അടിസ്ഥാനത്തില്‍ അധ്യാപകര്‍ക്കു ജില്ലാതല ക്ലസ്റ്റര്‍ ശില്‍പ്പശാലകള്‍, വെബ്‌സൈറ്റ് അധിഷ്ഠിത പഠനസംവിധാനങ്ങള്‍, ഇമെയില്‍ ചര്‍ച്ചാഗ്രൂപ്പുകള്‍ എന്നിവ ലഭ്യമാക്കണം.

ചോദ്യക്കടലാസ് തയാറാക്കാന്‍ അധ്യാപകരെ സഹായിക്കുന്നതിനു വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ ചോദ്യാവലികളുണ്ടാക്കണം. കോളജുകളില്‍ ഓരോ വിഷയത്തിനും സുസജ്ജമായ റഫറന്‍സ് ലൈബ്രറികള്‍ വേണം. ലൈബ്രറികളില്‍ കരിക്കുലത്തിന്റെയും റഫറന്‍സ് പുസ്തകങ്ങളുടെയും വിശദവിവരം വിദ്യാര്‍ഥികള്‍ക്കു ലഭ്യമാക്കണം.

വിദ്യാര്‍ഥികളുടെ കഴിവു പരിശോധിച്ച് സാമ്പത്തികസഹായം നല്‍കി പ്രോത്സാഹിപ്പിക്കണം. അക്കാദമിക് വിദഗ്ദ്ധരുടെയും പ്രമുഖ അക്കാദമിക് സ്ഥാപനങ്ങളുടെയും പിന്തുണ ഇവര്‍ക്കു ലഭ്യമാക്കണം-റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്തമാസം ഒന്നിനുചേരുന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഭരണസമിതി, റിപ്പോര്‍ട്ടിന്മേല്‍ അന്തിമതീരുമാനമെടുത്തു സര്‍ക്കാരിന്റെ പരിഗണനയ്ക്കു സമര്‍പ്പിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X