കിരണ്‍ റെഡ്ഢി ആന്ധ്രാ മുഖ്യമന്ത്രി

വ്യാഴാഴ്ച രാജിവെച്ച റോസയ്യയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള തീരുമാനം രാത്രി ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം സോണിയക്കു വിടുകയായിരുന്നു. ചിറ്റൂര്‍ ജില്ലയിലെ പിലേരു എംഎല്‍.എയായ കിരണ്‍ കുമാര്‍ റെഡ്ഢി (55) വെള്ളിയാഴ്ച രാവിലെ പത്തിന് സ്ഥാനമേല്‍ക്കും. തെലുങ്കാന സമിതി റിപ്പോര്‍ട്ട് വരാനിരിക്കെയാണ് റായലസീമ മേഖലയില്‍നിന്നുള്ള സ്പീക്കര്‍ കിരണ്‍കുമാര്‍ റെഡ്ഢി മുഖ്യമന്ത്രി പദത്തിലേക്കെത്തുന്നത്.
പ്രായാധിക്യം മൂലം ജോലി ഭാരം താങ്ങാനാവാത്തതിനാല്‍ സ്ഥാനമൊഴിയുകയാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ച 77കാരനായ റോസയ്യ മന്ത്രിമാര്‍ക്കൊപ്പം ഉച്ചയോടെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ഇഎസ്.എല്‍. നരസിംഹന് രാജി സമര്‍പ്പിക്കുകയായിരുന്നു.
രാജി വ്യക്തിപരമാണെന്നും രാഷ്ട്രീയ കാരണങ്ങളില്ലെന്നുമാണ് റോസയ്യ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്. എന്നാല്‍ മുന്‍ മുഖ്യമന്ത്രി വൈഎസ്. രാജശേഖരറെഡ്ഢിയുടെ മകന്‍ ജഗന്‍മോഹന്‍ റെഡ്ഢി ഉയര്‍ത്തുന്ന വെല്ലുവിളികളും തെലുങ്കാനാ വിവാദവും പാര്‍ട്ടിക്കകത്തെ കലാപവുമാണ് രാജിക്ക് കാരണമായെന്ന് സൂചനകളുണ്ട്. വൈഎസ്. രാജശേഖര റെഡ്ഢി ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് 2009 സെപ്റ്റംബര്‍ മൂന്നിന് റോസയ്യ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.
കേന്ദ്രമന്ത്രിമാരായ പ്രണബ് മുഖര്‍ജി, എ.കെ. ആന്റണി, വീരപ്പമൊയ്‌ലി, ഗുലാം നബി ആസാദ് എന്നിവര്‍ സംബന്ധിച്ച നിയമസഭാ കക്ഷി യോഗം പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുളള തീരുമാനം ഏകപക്ഷീയമായി സോണിയക്ക് വിടുകയായിരുന്നു.












Click it and Unblock the Notifications