മുകേഷ് അംബാനിക്ക് പഞ്ചസാരകൊണ്ട് തുലാഭാരം
ഗുരുവായൂര്‍: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
തിരുപ്പതി ക്ഷേത്രത്തില്‍ ഉഷഃപൂജ തൊഴുതശേഷമാണു മുകേഷ് അംബാനി ഗുരുവായൂരില്‍ എത്തി ഉച്ചപൂജ ദര്‍ശിച്ചത്. വിമാനമാര്‍ഗം കൊച്ചിയിലെത്തിയ മുകേഷ് ഹെലികോപ്റ്ററിലാണു ഗുരുവായൂരില്‍ എത്തിയത്.
ഉച്ചയ്ക്കു 12.30നു ശ്രീവത്സം ഗസ്റ്റ് ഹൌസില്‍ എത്തിയ മുകേഷ് അംബാനിയെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തോട്ടത്തില്‍ രവീന്ദ്രന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.എം. രഘുരാമന്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍മാരായ മനോജ് മോഡി, പി.എം.എസ്. പ്രസാദ് എന്നിവര്‍ മുകേഷ് അംബാനിക്കൊപ്പമുണ്ടായിരുന്നു. ഒരു മണിയോടെ ക്ഷേത്രത്തില്‍ എത്തിയ അദ്ദേഹം ഉച്ചപൂജാ വേളയില്‍ ചുറ്റമ്പലത്തിനുള്ളില്‍ ചെലവഴിച്ചു. തുടര്‍ന്നു കണ്ണനു പ്രിയപ്പെട്ട കദളിപ്പഴവും പട്ടും ദക്ഷിണയും കാണിക്കയായി സമര്‍പ്പിച്ചു തൊഴുതു.
ഓതിക്കന്മാരായ കൊട്ടക്കുഴി ഭവദാസന്‍ നമ്പൂതിരി, മുന്നൂലം പരമേശ്വരന്‍ നമ്പൂതിരി എന്നിവരില്‍ നിന്നാണു പ്രസാദം സ്വീകരിച്ചത്. കണ്ണനു മുന്നില്‍ പഞ്ചസാരകൊണ്ടു തുലാഭാരവും നടത്തി.
ദര്‍ശന ശേഷം ശ്രീവത്സത്തില്‍ തിരിച്ചെത്തിയ മുകേഷ് അംബാനി സമയക്കുറവു മൂലം ഉച്ചഭക്ഷണം ഒഴിവാക്കിയാണു യാത്ര പുനരാരംഭിച്ചത്. ക്ഷേത്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു സഹായം വാഗ്ദാനം ചെയ്തതായി ദേവസ്വം അധികൃതര്‍ അറിയിച്ചു.
ക്ഷേത്രത്തിലെത്തിയ അമിത സുരക്ഷാ സന്നാഹങ്ങളോ ആഡംബരമോ ഉണ്ടായിരുന്നില്ല. ഹെലികോപ്റ്റര്‍ ഇറങ്ങിയ ശ്രീകൃഷ്ണ കോളജ് ഗ്രൌണ്ടില്‍നിന്നു കാറിലെത്തിയ മുകേഷിന് ഒരു പൊലീസ് ജീപ്പ് മാത്രമാണ് അകമ്പടി വന്നത്.












Click it and Unblock the Notifications