കോവളത്ത് വിനോദ സഞ്ചാരിയ്ക്ക് പട്ടികടിയേറ്റു
തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വിനോദ സഞ്ചാരികളെ സ്വീകരിയ്ക്കുന്നത് നായ ആണോ. കഴിഞ്ഞ ദിവസം കോവളത്ത് രാവിലെ നടക്കാനിറങ്ങിയ വിദേശ വനിതയ്ക്ക് പട്ടി കടിയേറ്റു. നവംബര്‍ 30 ന് മാത്രം കോവളത്ത് 112 പേര്‍ക്ക് നായ് കടിയേറ്റത്രെ.
വിനോദ സഞ്ചാരികളുടെ വരവ് കൂടുന്ന സമയമാണ് ഇപ്പോള്‍. അവരെ 'സ്വീകരിയ്ക്കാന്‍' കോവളത്ത് നായക്കളും കൂടി വരുകയാണ്. ഡെന്മാര്‍ക്ക് സ്വദേശി ഗുണ്‍വര്‍സ്ലോത്തസി (65) നാണ് ചൊവ്വാഴ്ച പട്ടി കടിയേറ്റത്. ചൊവ്വാഴ്ച രാവിലെ ഭര്‍ത്താവ് നീല്‍സിനോടൊപ്പം രാവിലെ നടക്കുന്നതിനിടയില്‍ കോവളം ലൈറ്റ് ഹൗസ് ബീച്ച് റോഡില്‍വെച്ചാണ് പട്ടി കടിച്ചത്. ഈ ഡെന്മാര്‍ക്ക്കാരിയെ കടികൊടുത്ത് സ്വീകരിച്ചത് നാല് തെരുവ് നായ്കളായിരുന്നു. വലതുകാലില്‍ മുറിവേറ്റ ഇവര്‍ പിന്നീട് ചികിത്സയ്ക്കായി തിരുവനന്തപുരം ജനറല്‍ ആസ്പത്രിയില്‍ എത്തി.
കഴിഞ്ഞ ഒരുമാസത്തിനിടെ ജില്ലയില്‍ തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടുകയാണ്. പക്ഷേ തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിന് സര്‍ക്കാരോ തദ്ദേശ സ്ഥാപനങ്ങളോ കാര്യമായ നടപടി ഒന്നും എടുക്കുന്നില്ല.
കോവളത്ത് ചില ജന്തു സംരക്ഷണ ഏജന്‍സികള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. വിദേശികള്‍ നയിയ്ക്കുന്ന ഒരു പ്രധാന എന്‍ജിഒ ആണ് ഇതില്‍ പ്രധാനം. ഇവര്‍ തെരുവ് നായ്ക്കളെ പിടിച്ച് വന്ധ്യം കരിയ്ക്കുകയാണ് ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കോവളം സമുദ്ര ഹോട്ടലിന്റെ പരിസരത്ത് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ തെരുവ് നായ്ക്കളെ പിടിയ്ക്കാന്‍ എത്തിയപ്പോള്‍ ഇവര്‍ പ്രശ്നം ഉണ്ടാക്കിയിരുന്നു. തെരുവ് നായ്ക്കളെ പിടിച്ച് കൊല്ലാന്‍ അനുദവിയ്ക്കില്ലെന്ന് പറഞ്ഞായിരുന്നു ഇവര്‍ അന്ന് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കെതിരെ പ്രതികരിച്ചത്. ഇത് സംഘര്‍ഷത്തിനും ഇടയാക്കിയിരുന്നു.
തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം ചെയ്യണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ ഇത് കാര്യമായി നടപ്പാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കുന്നില്ല.
പേവിഷ ചികിത്സയുള്ള തിരുവനന്തപുരം ജനറല്‍ ആസ്പത്രിയില്‍ ദിവസവും നൂറിലേറെപ്പേരാണ് ചികിത്സ തേടിയെത്തുന്നത്. ഒരുവാക്‌സിന് 400 രൂപയിലേറെ വിലയുള്ള ഐ.ഡി.ആര്‍.പി, 700 രൂപയിലേറെ വിലയുള്ള എ.ആര്‍.എസ്, 4000 മുതല്‍ 10,000 രൂപവരെ വിലയുള്ള എച്ച്.ആര്‍.ഐ.ജി. വാക്‌സിനുകള്‍ എന്നിവയാണ് നല്‍കുന്നത്. ഇതില്‍ പട്ടികടിയേറ്റാല്‍ പ്രാഥമികമായി നല്‍കുന്ന ഐ.ഡി.ആര്‍.വി. വാക്‌സിന്‍ എ.പി.എല്‍. റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് സൗജന്യമായി ലഭിയ്ക്കും. മറ്റ് മരുന്നുകള്‍ വേണമെങ്കില്‍ പണം നല്‍കണം.












Click it and Unblock the Notifications