മുങ്ങിയ മന്ത്രി കട്ട അറസ്റ്റില്ലെന്നറിഞ്ഞ് പൊങ്ങി

കര്‍ണാടക വ്യവസായ മേഖലാ വികസന ബോര്‍ഡ് സ്ഥലം ഏറ്റെടുത്തത് സംബന്ധിച്ച ക്രമകേടുകളില്‍ ലോകായുക്ത പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ഏത് സമയവും അറസ്റ്റുണ്ടാകുമെന്ന അഭ്യൂഹം പരന്നത് മുതല്‍ കട്ട സുബ്രഹമണ്യ നായിഡു പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല.
കഴിഞ്ഞദിവസമാണ് അന്വേഷണവുമായി സഹകരിക്കല്‍ അടക്കമുള്ള വ്യവസ്ഥകള്‍ പാലിച്ചാല്‍ അറസ്റ്റിന്റെ ആവശ്യമില്ലെന്ന് ലോകായുക്ത ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ വ്യക്തമാക്കിയത്.
ഇദ്ദേഹം ദില്ലിയിലായിരുന്നുവെന്നാണ് രഹസ്യ വിവരം. എന്നാല്‍ തിങ്കളാഴ്ച തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചത് .
അറസ്റ്റിനെ ഭയക്കുന്നില്ലെന്നും അന്വേഷണത്തില്‍ ലോകായുക്തയോട് പൂര്‍ണമായും സഹകരിക്കുമെന്നും പറഞ്ഞ കട്ട സുബ്രഹ്മണ്യ നായിഡു വിവാദം തന്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കില്ലെന്നും വ്യക്തമാക്കി.
ആരോപണ വിധേയരാവുന്നവരുടെ രാഷ്ട്രിയ ഭാവി ഇല്ലതാവുകയാണെങ്കില്‍ ബിഹാറില്‍ ലാലു പ്രസാദ് യാദവും തമിഴ് നാട്ടില്‍ കരുണാനിധിയും ജയലളിതയും ഇന്ന് രാഷ്ട്രീയത്തിലുണ്ടാവില്ലല്ലോയെന്നാണ് ഇതുസംബന്ധിച്ച ചോദ്യത്തിന് മറു ചോദ്യമായി കട്ട ഉന്നയിച്ചത്.
തന്റെ പേരില്‍ സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കാന്‍ ആഗ്രഹിക്കാത്തതിനാലാണ് മന്ത്രിസ്ഥാനം രാജിവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി .
കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പയുടെ വിശ്വസ്തനായ മന്ത്രി കട്ട സുബ്രഹ്മണ്യ നായിഡുവും മകന്‍ കട്ട ജഗദീഷും അടക്കം പത്ത് പേര്‍ക്കെതിരെയാണ് ലോകായുക്ത എഫ്‌ഐആര്‍ സമര്‍പ്പിച്ചത് . ഇതോടെ മന്ത്രി രാജിവെക്കുകയായിരുന്നു.
അമേരിക്കന്‍ കമ്പനിയായ ഇറ്റാസ്‌ക്കയ്ക്ക് പ്രത്യേക ഐ.ടി. മേഖല തുടങ്ങുന്നതിനായി ബാംഗ്ലൂര്‍ വിമാന ത്താവളത്തിന് സമീപം 2006 ല്‍ 325 ഏക്കര്‍ സ്ഥലം കര്‍ണാടക വ്യവസായ മേഖലാ വികസന ബോര്‍ഡ് ഏറ്റെടുത്തതിലെ ക്രമകേടുകളാണ് മന്ത്രിയെ കുടുക്കിയത്.












Click it and Unblock the Notifications