3വര്‍ഷത്തിനുള്ളില്‍ 11 വിവാഹം 52കാരന്‍ അറസ്റ്റില്‍
ആലപ്പുഴ: വൈവാഹിക പംക്തിയില്‍ പരസ്യം ചെയ്ത് മൂന്നു വര്‍ഷത്തിനിടെ 11 യുവതികളെ വിവാഹം ചെയ്ത തൃശൂര്‍ സ്വദേശി തോംസണ്‍ (52) പൊലീസിന്റെ പിടിയിലായി. അധ്യാപികയും നഴ്‌സും മുതല്‍ കെഎസ്ഇബിയില്‍ താല്‍ക്കാലിക ജീവനക്കാരി വരെ ഇയാള്‍ വിവാഹം ചെയ്തവരുടെ പട്ടികയിലുണ്ട്.
നിര്‍ധന കുടുംബത്തില്‍പ്പെട്ടവരെയാണ് തോംസണ്‍ കബളിപ്പിച്ചിരുന്നത്. കൂടുതല്‍ സ്ത്രീകള്‍ക്കൊപ്പം ജീവിക്കാനുള്ള ആഗ്രഹംകൊണ്ടാണ് വിവാഹം കഴിച്ചതെന്ന് ഇയാള്‍ പൊലീസിന് മൊഴിനല്‍കി. കൂടുതല്‍ പേരെ വിവാഹം ചെയ്തതായും പീഡിപ്പിച്ചതായും പൊലീസ് സംശയിക്കുന്നു.
സ്വര്‍ണവും പണവും തട്ടിയെടുത്തതു സംബന്ധിച്ച് തെളിവുകളില്ലെന്നും ഇയാള്‍ക്കെതിരെ മറ്റു കേസുകള്‍ നിലവിലില്ലെന്നും പൊലീസ് അറിയിച്ചു.
ആലപ്പുഴ വാടയ്ക്കല്‍ വാര്‍ഡില്‍ താമസിക്കുന്ന യുവതിയെ തിങ്കളാഴ്ച തോംസണ്‍ വിവാഹം കഴിച്ചിരുന്നു. തുടര്‍ന്ന് ഈ വീട്ടിലാണ് താമസിച്ചത്. തോംസന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അയല്‍വാസി വിവരം സൗത്ത് എസ്‌ഐ കെ.ജി. അനീഷിനെ അറിയിച്ചു. ചോദ്യം ചെയ്തപ്പോഴാണ് 11 പേരെ വിവാഹം ചെയ്ത വിവരം പുറത്തായത്.
വിവാഹം സംബന്ധിച്ച രേഖകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. പീഡിപ്പിച്ചെന്നുള്ള വാടക്കല്‍ സ്വദേശി യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തോംസണെ അറസ്റ്റ് ചെയ്തത്. കാവാലം സ്വദേശിയായ നഴ്‌സിനെ പ്രതി 20 ദിവസം മുന്‍പ് വിവാഹം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.
ഗള്‍ഫില്‍ ജോലിയുണ്ടെന്നും വിഭാര്യനാണെന്നും പറഞ്ഞാണ് തോംസണ്‍ പരസ്യം ചെയ്യുന്നത്. വയസും പേരും മാറ്റി പറയും. ജാതിയും മതവും പ്രശ്‌നമല്ലെന്നും വികലാംഗരെയും പരിഗണിക്കുമെന്നും വ്യക്തമാക്കും. ആകര്‍ഷകമായ പെരുമാറ്റത്തിലൂടെ പെണ്‍കുട്ടികളുടെ വീട്ടുകാരുടെ വിശ്വാസം നേടിയെടുക്കുകയും അനാഥനും സമ്പന്നനുമാണെന്ന ്പറഞ്ഞ് തെറ്റിദ്ധരിപ്പിക്കും.
ഇക്കാര്യം ബോധ്യപ്പെടുത്താന്‍ ഒല്ലൂരിലുള്ള ഇരുനില മന്ദിരവും സ്വന്തമായുള്ള രണ്ടു കാറുകളും വീട്ടുകാരെ കാണിക്കും. ഇതിലാണ് പലരും കുടുങ്ങിയത്.
മിക്കവാറും ക്ഷേത്രങ്ങളില്‍ വച്ചാണ് വിവാഹം നടത്താറുള്ളത് വധുവിനുള്ള ആഭരണങ്ങളും വസ്ത്രങ്ങളും ഇയാള്‍ തന്നെ നല്‍കും. വീട്ടുകാരെ ബോധ്യപ്പെടുത്താന്‍ വിവാഹം റജിസ്റ്റര്‍ ചെയ്യും.
തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പെരുമ്പാവൂര്‍, ഗൂരുവായൂര്‍, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ നിന്നാണ് ഇയാള്‍ വിവാഹം ചെയ്തത്. ടോണി, സുകുമാരന്‍ എന്നീ പേരുകളും ആളുകളെ തെറ്റിദ്ധരിപ്പിക്കാനായി ഉപയോഗിച്ചിരുന്നു.
വിവാഹ ശേഷം ഗള്‍ഫിലേക്കെന്നു പറഞ്ഞു മുങ്ങുന്ന തോംസണ്‍, മാസങ്ങള്‍ക്കു ശേഷം തിരിച്ചെത്തും. വിവാഹം കഴിച്ച വീടുകളിലെത്തി രണ്ടു ദിവസം താമസിച്ച ശേഷം മടങ്ങും. ചില വീടുകളില്‍ സ്ഥിരമായി പോകുമത്രേ.
തോംസന്റെ യഥാര്‍ഥ ഭാര്യ ഗള്‍ഫിലാണ്. ഈ ബന്ധത്തില്‍ രണ്ടു മക്കളുണ്ട്. ഇവരും ഗള്‍ഫില്‍തന്നെയാണ്. അഞ്ചു മാസം മുന്‍പ് തോംസണ്‍ ഗള്‍ഫിലെത്തിയിരുന്നു. മറ്റൊരു വിവാഹത്തില്‍ ഇയാള്‍ക്ക് ഒരു വയസുള്ള മകളുണ്ട്.
ഡിഗ്രി വരെ പഠിച്ച തോംസണ്‍ ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തോംസണെ അറസ്റ്റ് ചെയ്ത വിവരം ഗള്‍ഫിലുള്ള ഭാര്യയെ അറിയിച്ചതായി അന്വേഷണച്ചുമതലയുള്ള സൌത്ത് സിഐ വി.കെ. സനല്‍കുമാര്‍ പറഞ്ഞു.
ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന തോംസണ്‍ ജോലി രാജിവച്ച ശേഷം റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലേക്കിറങ്ങുകയായിരുന്നു. നഷ്ടം സംഭവിച്ചതിനെ തുടര്‍ന്ന് ഗള്‍ഫിലേക്ക് പോയി. അവിടെ ഇന്‍ഷുറന്‍സ് കമ്പനിയില്‍ പത്തു വര്‍ഷത്തോളം ജോലി ചെയ്തു.












Click it and Unblock the Notifications