മുണ്ടുരിയല്‍ കേസ് പിന്‍വലിക്കാനുള്ള ഹര്‍ജി തള്ളി

കേസിലെ മൂന്നാം സാക്ഷിയായ സജിക്കു പരുക്കേറ്റതായി പൊലീസ് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഇയാളില്ലാതെ കേസില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. സജിക്കെതിരെ കോടതി വോറന്റ് പുറപ്പെടുവിച്ചു. കേസില്‍ വാദം കേള്‍ക്കുന്നതിനായി ഫെബ്രുവരി 16ലേക്കു മാറ്റി.
2004 ജൂണ്‍ രണ്ടിനാണ് കോണ്‍ഗ്രസിന് ഏറെ നാണക്കേടുണ്ടാക്കിയ മുണ്ടുരിയല്‍ സംഭവം അരങ്ങേറിയത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പു ഫലം ചര്‍ച്ച ചെയ്യാനായി തിരുവനന്തപുരം പ്രിയദര്‍ശിനി പ്ലാനറ്റോറിയത്തില്‍ കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താനെയും ശരത്ചന്ദ്ര പ്രസാദിനെയും തടഞ്ഞു നിര്‍ത്തി ഇവരുടെ മുണ്ടുരിയുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണു കേസ്. കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും സസ്‌പെന്റ് ചെയ്യപ്പെട്ടിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താനും ശരത്ചന്ദ്ര പ്രസാദും ഐ.ഗ്രൂപ്പിനെതിരായി പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചാണ് ഇരുവര്‍ക്കുമെതിരെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്.
യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിനോദ് കൃഷ്ണ ഉള്‍പ്പെടെ 30 പേരാണു പ്രതികള്‍. കേസിലെ വാദം മാറ്റിവെച്ചതിന് പിന്നാലെ കോടതിയ്ക്ക് പുറത്ത് ഉണ്ണിത്താനും കേസിലെ പ്രതിപ്പട്ടികയിലുള്ളവരും തമ്മില്‍ നേരിയ തോതില്‍ വാക്കേറ്റമുണ്ടായി. കേസിലെ പ്രതികള്‍ യഥാര്‍ത്ഥ പ്രതികളല്ലെന്ന ഉണ്ണിത്താന്റെ പരാമര്‍ശമാണ് വാക്കേറ്റത്തിന് ഇടയാക്കിയത്. കെ മുരളീധരന്‍ ഉള്‍പ്പെടെയുള്ളവരെ ഉന്നം വെച്ചായിരുന്നു ഉണ്ണിത്താന്റെ പരാമര്‍ശം.












Click it and Unblock the Notifications