കള്ളപ്പണം: വിവരം പുറത്തുവിടില്ലെന്ന് മന്‍മോഹന്‍

കള്ളപ്പണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവെക്കുന്ന സര്‍ക്കാര്‍ നടപടിയെ സുപ്രീംകോടതി ബുധനാഴ്ച രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഈ വിഷയത്തില്‍ സര്‍ക്കാറിന്റെ ഉറച്ച നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
വിവിധ ഉഭയകക്ഷി, രാജ്യാന്തര കരാറുകളുടെ ഭാഗമായാണ് വിദേശത്തുള്ള കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് അവ പരസ്യപ്പെടുത്താന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
ഇവ പുറത്തുവിട്ടാല്‍ ഒരു വിദേശസര്‍ക്കാറും ഭാവിയില്‍ കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയ്ക്കു തരില്ലെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജിയും വ്യക്തമാക്കി. അന്താരാഷ്ട്ര കരാറുകളുടെ ഭാഗമായി വിദേശബാങ്കുകളിലുള്ള കള്ളപ്പണത്തിന്റെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം മന്ത്രിസഭയെ അറിയിച്ചു.
ഈ വിവരങ്ങള്‍ ലഭിച്ചത് നികുതിയീടാക്കല്‍ സംബന്ധിച്ച കാര്യങ്ങള്‍ക്കുവേണ്ടി മാത്രമാണെന്നും വിദേശ ബാങ്കുകളില്‍ അക്കൗണ്ടുള്ളവരുടെ പേരുകള്‍ പുറത്തുവിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസഭായോഗത്തില്‍ മന്ത്രിമാര്‍ പലരും സുപ്രീം കോടതിയുടെ വിമര്‍ശനം പരാമര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ എന്തെല്ലാമോ ഒളിക്കുന്നുവെന്ന സംശയം ജനങ്ങളുടെയിടയില്‍ പടര്‍ന്നിട്ടുണ്ടെന്ന് മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു.
ബുധനാഴ്ച മന്ത്രിസഭാവികസനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴും പ്രധാനമന്ത്രി കള്ളപ്പണവിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന നിലപാടെടുത്തിരുന്നു.
ഈ വിഷയത്തില്‍ വ്യക്തത വരുത്തുന്നതിന് ധനമന്ത്രി പ്രണബ് മുഖര്‍ജി പിന്നീട് വാര്‍ത്താസമ്മേളനം വിളിക്കും.












Click it and Unblock the Notifications