5000 രൂപ നല്‍കിയാല്‍ ദില്ലിയില്‍ കുഞ്ഞിനെക്കിട്ടും
ദില്ലി: സ്ത്രീകള്‍ക്കെതിരെ തുടരെത്തുടരെയുണ്ടാകുന്ന ലൈംഗികാതിക്രമങ്ങളുടെ പേരില്‍ കുപ്രസിദ്ധിയിലേയ്ക്കുയര്‍ന്ന് ദില്ലി വീണ്ടും അസുഖകരമായ കാര്യങ്ങളുടെ പേരില്‍ വാര്‍ത്തയില്‍ ഇടം നേടുന്നു. കുഞ്ഞുങ്ങളെ കച്ചവടം ചെയ്യുന്ന ലോബികള്‍ ദില്ലിയില്‍ വര്‍ധിച്ചുവരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ആയ്യായിരം രൂപ വിലയ്ക്കാണത്രേ ആവശ്യമുള്ളവര്‍ക്ക് കുഞ്ഞുങ്ങളെ ലഭിക്കുന്നത്. ദില്ലിയിലെ കല്യാണ്‍പുരയിലുള്ള ഒരു മധു തിവാരി നഴ്‌സിങ് ഹോം കേന്ദ്രീകരിച്ചാണ് കുഞ്ഞുങ്ങളുടെ വില്‍പ്പന നടക്കുന്നതെന്ന് ഒരു ദേശീയമാധ്യമത്തില്‍വന്ന വാര്‍ത്ത വ്യക്തമാക്കുന്നു.
വാര്‍ത്തയറിഞ്ഞ് മാധ്യമ റിപ്പോര്‍ട്ടര്‍ നഴ്‌സിങ് ഹോമില്‍ എത്തിയപ്പോള്‍ അവിടെ ഒരു ജോലിക്കാരിയും മൂന്ന് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയും മാത്രമേ ഉണ്ടായിരുന്നുള്ളൂവത്രേ.
ജോലിക്കാരിയുമായി പരിചയപ്പെട്ട റിപ്പോര്‍ട്ടര്‍ തന്റെ സഹോദരനുവേണ്ടി ഒരു കുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ എല്ലാ സഹായവും ചെയ്യാമെന്ന് നഴ്‌സിംഗ് ഹോം ജോലിക്കാരിയുടെ ഉറപ്പുനല്‍കി. ഇതിനായി കുറച്ചുനാള്‍ കാത്തിരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 2010കഴിഞ്ഞ ഡിസംബറിലായിരുന്നു റിപ്പോര്‍ട്ടറുടെ ആദ്യ സന്ദര്‍ശനം.
കുഞ്ഞിനെ ലഭിക്കുമ്പോള്‍ വിളിച്ചറിയിക്കാം എന്ന് പറഞ്ഞ ജോലിക്കാരി റിപ്പോര്‍ട്ടറുടെ ഫോണ്‍ നമ്പറും വാങ്ങി. തന്റെ കൂടെയുള്ള കുട്ടിയെ രണ്ട് മാസം മുമ്പ് ദത്തെടുത്തതാണെന്നും കുട്ടിക്ക് സംസാരശേഷിയില്ല എന്നും അവര്‍ പറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ടര്‍ ജനുവരിയിലാണ് രണ്ടാം തവണ ചെന്നത്. അന്ന് കുട്ടിയെ ലഭിക്കുന്നതിനു വേണ്ടി മുന്‍കൂര്‍ തുക നല്‍കാമെന്ന് പറഞ്ഞിട്ടും നഴ്‌സിംഗ് ഹോം ജോലിക്കാരി അത് വാങ്ങിയില്ല.
അത്യാവശ്യമാണെങ്കില്‍ പെണ്‍കുട്ടികളെ ഉടന്‍ തന്നെ തരപ്പെടുത്താമെന്ന് പറഞ്ഞ അവര്‍ തന്റെ കൂടെയുള്ള പെണ്‍കുട്ടിയെ ഒരു ദരിദ്ര കുടുംബത്തില്‍ നിന്ന് 5000 രൂപ കൊടുത്ത് വാങ്ങിയതാണെന്ന് റിപ്പോര്‍ട്ടറോട് വെളിപ്പെടുത്തി.
ദരിദ്രരായ മാതാപിതാക്കള്‍ക്ക് പെണ്‍കുഞ്ഞുങ്ങള്‍ ഭാരമാകുന്നുവെന്നും അതുകൊണ്ടാണ് കിട്ടുന്ന തുകയ്ക്ക് അവരെ വില്‍ക്കാന്‍ മാതാപിതാക്കള്‍ തയ്യാറാവുന്നതെന്നുമാണത്രേ ജീവനക്കാരി വിശദീകരിച്ചത്.
എത്രയും പെട്ടെന്ന് ആണ്‍കുട്ടിയെ തരപ്പെടുത്തിക്കൊടുക്കാമെന്ന് അവര്‍ ഉറപ്പ് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications