ഐസ്‌ക്രീം കേസ്: രേഖകള്‍ ഇന്ത്യാവിഷന്‍ കൈമാറി

അന്വേഷണത്തിനു സഹായകമായ തെളിവുകള്‍ മുഖ്യമന്ത്രിക്ക് ചാനല്‍ ലഭ്യമാക്കിയത് ലീഗിനുള്ളില്‍ വീണ്ടും പോരിന് സാഹചര്യമൊരുക്കിയിട്ടുണ്ട്.
ഫെബ്രുവരി നാലിന് ഈ രേഖകള്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ഇന്ത്യാവിഷന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ് എം.പി. ബഷീര്‍, ന്യൂസ് എഡിറ്റര്‍ ആര്‍. ശ്രീജിത് എന്നിവര്‍ നല്‍കിയിരുന്നു. ഈ രേഖകളുടെ കോപ്പികള്‍ ഐസ്‌ക്രീം കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനും ആഭ്യന്തര മന്ത്രിക്കും കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി കൈമാറിയത്.
കോതമംഗലം പെണ്‍വാണിഭ കേസ് ഒതുക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പ്രമുഖ യുഡിഎഫ് നേതാവാണെന്ന ഒളികാമറ വെളിപ്പെടുത്തലുകളടങ്ങുന്ന രേഖകളാണ് കൈമാറിയിരിക്കന്നത്.
ഇന്ത്യാവിഷന്‍ നേരത്തെ സംപ്രേഷണം ചെയ്ത കെ.സി. പീറ്ററുടെ വെളിപ്പെടുത്തലുകളടക്കം മൊത്തം 12 പേരുടെ മൊഴികളുടെ വീഡിയോ ദൃശ്യങ്ങളടങ്ങുന്ന മൂന്ന് സിഡികളാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.
ഇരകളായ പെണ്‍കുട്ടികളുടെ മൊഴിമാറ്റിയതെങ്ങനെയെന്നും ജഡ്ജിമാര്‍ക്ക് പണം കൈമാറിയതെങ്ങനെയെന്നും വെളിപ്പെടുത്തുന്ന വീഡിയോ ക്ലിപ്പിങുകളും ഇതിലുണ്ട്. മുസ്ലീം ലീഗ് നേതാവ് പുരോഹിതന്റെ മുമ്പില്‍ ബൈബിള്‍ തൊട്ട് സത്യം ചെയ്തതായ വെളിപ്പെടുത്തലും രേഖകളില്‍പ്പെടുന്നു.
കോതമംഗലം പെണ്‍വാണിഭ കേസില്‍ പെട്ട പെണ്‍കുട്ടിയുടെ മൊഴിമാറ്റാന്‍ എല്ലാവിധ സഹായവും ചെയ്ത മറ്റൊരു യുഡിഎഫ് നേതാവിനെ കുറിച്ചുള്ള പരാമര്‍ശങ്ങളടങ്ങുന്ന ഏറെ വിവാദമാകാനിടയുള്ള ഒളികാമറ റിപ്പോര്‍ട്ടുകള്‍ ലീഗിനെ മാത്രമല്ല, യുഡിഎഫിനെയാകെ വിഷമവൃത്തത്തിലാക്കും.
കൈമാറിയ രേഖകളിലുള്ള സ്ത്രീകളുടെ വെളിപ്പെടുത്തലുകള്‍ ചാനല്‍ ഇതുവരെ സംപ്രേഷണം ചെയ്തിട്ടില്ല. രേഖകള്‍ കൈപ്പറ്റിയതായി അറിയിച്ചു കൊണ്ടുള്ള കത്ത് വിഎസ് ചാനല്‍ അധികൃതര്‍ക്കു നല്‍കിയിട്ടുമുണ്ട്.
ഇതുവരെ റൗഫിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ചു മാത്രം അന്വേഷണം നടത്തിയിരുന്ന പ്രത്യേക സംഘം പുതുതായി ലഭിച്ച തെളിവുകള്‍ കൂടി ഉള്‍ക്കൊള്ളിച്ചാകും അന്വേഷണം തുടരുക. അതേസമയം, വെളിപ്പെടുത്തലുകള്‍ നടത്തിയ പെണ്‍കുട്ടികളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് അവരുള്‍പ്പെട്ട ദൃശ്യങ്ങള്‍ പുറത്തുവിടില്ലെന്നു പ്രഖ്യാപിച്ച ചാനല്‍, ഇപ്പോള്‍ നിലപാടു മാറ്റിയതായി അറിയുന്നു.
പുറത്തു വിടാത്ത രേഖകളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് ലീഗ് നേതാക്കള്‍ രംഗത്തെത്തിയതോടെ ഇത് സംപ്രേക്ഷണം ചെയ്യാന്‍ ചാനല്‍ എഡിറ്റോറിയില്‍ ബോര്‍ഡ് തീരുമാനിച്ചതായാണ് സൂചന. ലീഗ് നേതൃത്വത്തെ വെള്ളം കുടിപ്പിയ്ക്കുന്ന തെളിവുകള്‍ വരുംദിവസങ്ങളില്‍ പുറത്തുവരുന്നതോടെ കേരള രാഷ്ട്രീയം വീണ്ടും കലങ്ങിമറിയും.












Click it and Unblock the Notifications