കാമുകനെ ഫോണ്‍ ചെയ്തതിന് യുവതിയെ കൊന്നു
കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ മാനംകാക്കല്‍ കൊലപാതകം തുടരുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും കൊലപാതകം അരങ്ങേറി.
ഇത്തവണ ഒരു 19കാരിയ്ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. അന്യമതത്തില്‍പെട്ട യുവാവുമായുള്ള ബന്ധത്തിന്റെ പേരില്‍ കുട്ടിയെ മുത്തച്ഛന്‍ വെട്ടിക്കൊല്ലുകയായിരുന്നു. പ്രണയദിനത്തില്‍ കാമുകനുമായി കുട്ടി ഫോണില്‍ സംസാരിച്ചതാണ് മുത്തച്ഛനെ പ്രകോപിതനാക്കിയത്.
സംഭവത്തിനു ശേഷം വെട്ടിനുപയോഗിച്ച കോടാലിയുമായി മുത്തച്ഛന്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ഇയാള്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തതായി എസ്.പി അരുണ്‍ കുമാര്‍ പാണ്ഡ്യേ അറിയിച്ചു.
കാണ്‍പൂരില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാലതി എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ദിലീപ് യാദവ് എന്ന അന്യമതസ്ഥനുമായി മാലതി പ്രണയത്തിലായിരുന്നു. ഇയാളെ കാണുന്നതിലും സംസാരിക്കുന്നതില്‍ നിന്നും വീട്ടുകാര്‍ മാല്‍തിയെ വിലക്കിയിരുന്നു.
ഇതു അനുസരിക്കാന്‍ തയ്യാറാവാതിരുന്ന മാലതി വീട്ടുകാരെ ബഹുമാനിച്ചില്ലെന്നും ഇതിനാലാണ് കൊലപ്പെടുത്തിയതെന്നും മുത്തച്ഛന്‍ പറഞ്ഞു.
ഒരാഴ്ചയ്ക്കുള്ളില്‍ യു.പിയില്‍ നടക്കുന്ന മൂന്നാമത്തെ മാനംകാക്കല്‍ കൊലപാതകമാണിത്. വാലന്റൈസ് ദിനത്തില്‍ കാമുകനെ കാണാന്‍ പോയതിന് കഴിഞ്ഞ ദിവസം കൗശംബി ജില്ലയില്‍ സഹോദരന്മാര്‍ യുവതിയെ വധിച്ചിരുന്നു.
അന്യമതസ്ഥനുമായുള്ള വിവഹത്തില്‍ പ്രതിഷേധിച്ച് ആഗ്രയില്‍ പിതാവ് മകളെ വധിച്ചതും കഴിഞ്ഞ ദിവസമാണ്.












Click it and Unblock the Notifications