അധ്യാപകന്‍ പ്രധാനാധ്യാപികയെ മര്‍ദ്ദിച്ചു
മൂന്നാര്‍: സ്‌കൂളിലെ താല്‍ക്കാലിക അധ്യാപകനും കൂട്ടരും ചേര്‍ന്ന് പ്രധാനാധ്യാപികയെ മര്‍ദ്ദിച്ചു. മൂന്നാര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രധാനാധ്യാപിക പി ധനലക്ഷ്മി(52)യ്ക്കാണ് മര്‍ദ്ദനമേറ്റത്.
സംഭവത്തില്‍ താല്‍കാലികാധ്യാപകന്‍ അണ്ണന്‍ മുത്തുവും സംഘവുമാണ് അധ്യാപികയെ മര്‍ദ്ദിച്ചത്. മുത്തുവുള്‍പ്പെടെ കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അധ്യാപിക ടാറ്റ ടീം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സ്‌കൂള്‍ ഹോസ്റ്റലിലെ താമസവുമായി ബന്ധപ്പെട്ട കാര്യത്തെ ചോദ്യം ചെയ്തതിനാണ് അധ്യാപികയെ മര്‍ദ്ദിച്ചത്.
എസ്എസ്എല്‍സി പരീക്ഷയില്‍ വിജയശതമാനം ഉയര്‍ത്താനായി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന റെസിഡന്‍ഷ്യല്‍ കോച്ചിങ് പദ്ധതിയ്ക്ക് ഇവിടെ 110 വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. ഇവര്‍ ഹോസ്റ്റലിലാണ് താമസിക്കുന്നത്.
രണ്ട് താല്‍ക്കാലികാധ്യാപകര്‍ക്കാണ് ഈ പരിപാടിയുടെ ചുമതല നല്‍കിയിരിക്കുന്നത്. കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്യാന്‍ ഒരു ജോലിക്കാരിയെയും വച്ചിരുന്നു.ചില പ്രശ്‌നങ്ങള്‍ കാരണം പ്രധാനാധ്യാപിക ഈ ജോലിക്കാരിയെ പിരിച്ചുവിട്ടു. എന്നാല്‍ ഹോസ്റ്റലിന്റെ ചുമതലയുള്ള അധ്യാപകര്‍ അവരെ തുടരാന്‍ അനുവദിച്ചു.
ശനിയാഴ്ച ഹോസ്റ്റലില്‍ സന്ദര്‍ശനം നടത്തിയ അധ്യാപിക താല്‍ക്കാലിക അധ്യാപകര്‍ക്കൊപ്പം പുറത്തുനിന്നുള്ള സംഘം ഹോസ്റ്റലില്‍ നില്‍ക്കു്‌നനത് കണ്ടു. ഇത് ചോദ്യം ചെയ്തതിനാണ് തന്നെ മര്‍ദ്ദിച്ചതെന്നാണ് അധ്യാപിക പറയുന്നത്.
രണ്ട് പേര്‍ ചേര്‍ന്ന് ബലമായി പിടിച്ചുവച്ച് മറ്റുള്ളവര്‍ മുഖത്തടിയ്ക്കുകയും മറ്റും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. റോഡിലേയ്‌ക്കോടി ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ തുടങ്ങിയ അവരെ ഓട്ടോയില്‍ നിന്നും വലിച്ചിഴച്ച് പുറത്തിട്ടും മര്‍ദ്ദിച്ചിട്ടുണ്ടത്രേ. പിന്നീട് സ്‌കൂളിന് സമീപത്തുതാമസിക്കുന്ന ഒരു അധ്യാപകന്റെ വീട്ടിലേയ്ക്ക് ഓടിക്കയറിയാണ് അധ്യാപിക രക്ഷനേടിയത്. രാത്രി തന്നെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.












Click it and Unblock the Notifications