സിന്ധു ജോയ് കോണ്‍ഗ്രസില്‍

വ്യാഴാഴ്ച കാലത്ത് സിന്ധു രാജിക്കത്ത് നല്‍കിയതിന് പിന്നാലെ സിപിഎം അവരെ പുറത്താക്കിക്കൊണ്ട് പ്രസ്താവന ഇറക്കിയിരുന്നു. ഇതിന് പിന്നാലെ വൈകുന്നേരം പാമ്പാടിയില്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സിന്ധു പങ്കെടുത്തു.
ഇവിടെവച്ച് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയില്‍നിന്നു അവര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. സ്ത്രീകളെ സംരക്ഷിക്കുന്നതില്‍ വി.എസ്. സര്‍ക്കാര്‍ പരാജയപ്പെട്ടെന്നു ചടങ്ങില്‍ സംസാരിച്ച സിന്ധു പറഞ്ഞു.
തന്നോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണു രാജിയെന്നു സിന്ധു ജോയി പറഞ്ഞു. ക്രിസ്തീയ സഭകളുടെ സമ്മര്‍ദവും സിന്ധുവിന്റെ രാജിക്കു പിന്നിലുണ്ടെന്നാണു സൂചന. എന്നാല്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണു പുറത്താക്കുന്നതെന്നു ജില്ലാ കമ്മിറ്റിയുടെ പത്രക്കുറിപ്പില്‍ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
എസ്എഫ്‌ഐയിലുടെ വളര്‍ന്നുവന്ന സിന്ധു ജോയി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് പ്രഫസര്‍ കെ.വി തോമസിനെതിരേയും മത്സരിച്ചിരുന്നു.
എസ്എഫ്‌ഐയുടെ ദേശീയ വൈസ് പ്രസിഡന്റായിരുന്നെങ്കിലും കുറച്ചുകാലമായി സിന്ധു പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നില്ല. ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാത്തതിനു സിന്ധുവിനെതിരേ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.
കേരളത്തില്‍ എസ്എഫ്‌ഐയുടെ ചരിത്രത്തിലെ ആദ്യത്തേതും അവസാനത്തേതുമായ വനിതാ പ്രസിഡന്റായിരുന്നെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടി സിന്ധുവിനെ തഴയുകയായിരുന്നു.
സിന്ധുവിന് അര്‍ഹമായ അവസരങ്ങള്‍ നല്‍കാമെന്നു പാര്‍ട്ടി പറഞ്ഞിരുന്നെങ്കിലും വാഗ്ദാനം പൂര്‍ത്തിയാക്കിയില്ല. രാജ്യസഭാ സീറ്റില്‍ സിന്ധുവിന്റെ പേര് ഉയര്‍ന്നുകേട്ടെങ്കിലും പരിഗണിച്ചില്ല. ഇതിനിടെ പിഎച്ച്ഡി ബിരുദവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പാര്‍ട്ടി സിന്ധുവിനെ പിന്തുണച്ചതുമില്ല. ഇത്തവണത്തെ നിയമസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സിന്ധുവിനെ പരിഗണിക്കാന്‍പോലും പാര്‍ട്ടി തയാറായില്ല.
കൊച്ചി സ്വദേശിയായ സിന്ധു ജോയി കേരള സര്‍വകലാശാലയില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോയാണ്.












Click it and Unblock the Notifications