ഗള്‍ഫ് സെക്‌സ് റാക്കറ്റ്; സിഐമാര്‍ വീഴ്ചവരുത്തി
കൊച്ചി: ഗള്‍ഫില്‍ മൂന്നൂറോളം പെണ്‍കുട്ടികളെ പെണ്‍വാണിഭ സംഘത്തിന്റെ വലയില്‍ കുടുക്കിയെന്ന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായതായി ഐജി കെ. പത്മകുമാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
വിവിധ ഘട്ടങ്ങളില്‍ ഈ കേസ് അന്വേഷിച്ച സിഐമാരായ ആര്‍. സുധാകരന്‍പിള്ള, ആര്‍. ബിനു, എസ്‌ഐമാരായ പി. ശ്രീകുമാര്‍, ജി. സന്തോഷ്‌കുമാര്‍, സി.എസ്. സുജാത എന്നിവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഷാര്‍ജയില്‍ സെക്‌സ് റാക്കറ്റിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ടു നാട്ടിലെത്തിയ പത്തനംതിട്ട സ്വദേശിയായ യുവതിയുടെ ഹര്‍ജിയിലാണു കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. എസ്‌ഐമാര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെ നടപടിക്ക് അനുമതി തേടി ഡിജിപി മുഖേന ചീഫ് ഇലക്ടറര്‍ ഓഫിസര്‍ക്കു മാര്‍ച്ച് 18നു കത്തയച്ചിട്ടുണ്ടെന്നും, അനുമതി കിട്ടിയാലുടന്‍ നടപടിയെടുക്കുമെന്നും ഐജി റിപ്പോര്‍ട്ടില്‍ പറയുന്നു.
പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 2007 ഓഗസ്റ്റ് 20നു റജിസ്റ്റര്‍ ചെയ്ത കേസില്‍ ആകെ 20 ദിവസമാണ് അന്വേഷണം നടന്നത്. പരാതിക്കാരിയുടെ മൊഴിയില്‍ പറയുന്ന ആളുകളെ കണ്ടെത്താനോ മൊഴിയെടുക്കാനോ ശ്രമം നടന്നിട്ടില്ല. സെക്‌സ് റാക്കറ്റിനുവേണ്ടി പെണ്‍കുട്ടികളെ ഗള്‍ഫിലേക്കു കടത്തുന്നതായി പറയുന്ന സൗദയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തിട്ടില്ല- തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് സിഐമാര്‍ക്കെതിരെ റിപ്പോര്‍ട്ടിലുള്ളത്.
തിരഞ്ഞെടുപ്പു ജോലി തുടങ്ങിയതിനാല്‍ അച്ചടക്ക നടപടിക്കു തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി വേണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസില്‍ വിശദമായ അന്വേഷണം വേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. െ്രെകംബ്രാഞ്ചിലെ ആസൂത്രിത കുറ്റകൃത്യ വിഭാഗത്തിനു ഫലപ്രദമായ അന്വേഷണം ഉറപ്പാക്കാനാകുമെന്നും സിബിഐ മുഖേന ഇന്റര്‍പോളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഏജന്‍സിയായി െ്രെകംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പത്തനംതിട്ട പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ നാലു വര്‍ഷമായി നടപടിയില്ലെന്നാരോപിച്ചാണു യുവതി ഹര്‍ജി നല്‍കിയത്.
സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി വാഗ്ദാനം ചെയ്താണു തന്നെ ഷാര്‍ജയിലെത്തിച്ചതെന്നും, റാക്കറ്റിലെ കണ്ണികളായ ഏജന്റുമാര്‍ ഇപ്പോഴും പെണ്‍കുട്ടികളെ ഗള്‍ഫിലേക്കു കടത്തുകയാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
ചതിയില്‍പ്പെട്ടു ദുബായില്‍ കുടുങ്ങിക്കിടക്കുന്ന മൂന്നൂറോളം പെണ്‍കുട്ടികളെ രക്ഷപ്പെടുത്തണമെന്നും ഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ അന്വേഷണത്തിനു നിയോഗിക്കണമെന്നും യുവതി മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. എന്നിട്ടും നടപടിയില്ലാതെ വന്നപ്പോഴാണ് കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications