മദ്യപിച്ച് ഡ്രൈവിങ്; അറസ്റ്റു പാടില്ലെന്ന് കോടതി
കൊച്ചി: മദ്യപിച്ച് വാഹനമോടിക്കുന്നവരെ പൊലീസിന് അറസ്റ്റുചെയ്യാന്‍ പറ്റില്ലെന്ന് ഹൈക്കോടതി. ഇത് പൊലീസിന് നേരിട്ട് കേസെടുത്ത് അറസ്റ്റുചെയ്യാവുന്ന കേസല്ലെന്നും കേസ് ചുമത്താന്‍ മജിസ്‌ട്രേട്ടിന്റെ മുന്‍കൂര്‍ ഉത്തരവ് വേണമെന്നുമാണ് ജസ്റ്റിസ് തോമസ് പി ജോസഫ് വ്യക്തമാക്കിയിട്ടുള്ളത്.
മദ്യപിച്ച് വണ്ടിയോടിക്കുന്നുവെന്ന് മനസ്സിലായാല്‍ അയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാന്‍ വേണ്ടി അറസ്റ്റ് ചെയ്യാം, പക്ഷേ രണ്ട്മണിക്കൂര്‍ കൊണ്ട് രക്തസാംപിള്‍ എടുത്തശേഷം വിട്ടയയ്ക്കണം- കോടതി വിശദീകരിച്ചു.
കോഴിക്കോട് ചെറുവാടി സ്വദേശി പി. കെ. മെഹബൂബിന്റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കോഴിക്കോട് ട്രാഫിക് പോലീസ് ഇയാള്‍ക്കെതിരെ മദ്യപിച്ച് വഹനമോടിച്ചതിന് കേസെടുത്ത് കുറ്റപത്രം നല്‍കിയിരുന്നു. ഇത്തരത്തില്‍ കുറ്റപത്രം നല്‍കാന്‍ പോലീസിന് അധികാരമില്ലെന്ന് പ്രഖ്യാപിക്കണമെന്നും കുറ്റപത്രം റദ്ദാക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
മദ്യപിച്ചും അശ്രദ്ധമായും അലക്ഷ്യമായും വാഹനമോടിച്ചുവെന്ന കുറ്റമാണ് ഹര്‍ജിക്കാരന്റെ പേരില്‍ ചുമത്തിയിട്ടുള്ളത്. ഇത് മോട്ടോര്‍ വാഹന നിയമത്തിന്റെ 185ാം വകുപ്പ് പ്രകാരം മൂന്ന് വര്‍ഷത്തില്‍ താഴെ മാത്രം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് എന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
ഇത്തരം കുറ്റകൃത്യത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമങ്കില്‍ ക്രിമിനല്‍ നടപടിക്രമത്തിലെ 155(2) ഉപവകുപ്പ് പ്രകാരം മജിസ്‌ട്രേറ്റിന്റെ ഉത്തരവ് വേണം. അതിനാല്‍ ഈ കുറ്റത്തിന് പോലീസിന് നേരിട്ട് കേസെടുക്കാനാവില്ല എന്ന് പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം.
ഈ ആവശ്യം അനുവദിച്ച കോടതി, പോലീസിന് നേരിട്ട് കേസെടുക്കാനുള്ള അധികാരം ഇക്കാര്യത്തിലില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഹര്‍ജിക്കാരന്റെ പേരിലുള്ള കുറ്റപത്രത്തിലെ തുടര്‍നടപടി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.
മജിസ്‌ട്രേറ്റ് കോടതി അന്തിമറിപ്പോര്‍ട്ട് പോലീസിന് മടക്കി നല്‍കണം. തുടര്‍ന്ന് പോലീസിന് കോടതിയുടെ അനുമതിയോടെ ആവശ്യമെങ്കില്‍ കേസെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.












Click it and Unblock the Notifications