വിദഗ്ധ ചികിത്സയ്ക്ക് പോകില്ലെന്ന് പിള്ള
തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണ പിള്ളയ്ക്ക് ജയിലിലെ അസൗകര്യങ്ങളില്‍ വീണ്ടും പരാതി.
എക്ലാസ് സൗകര്യങ്ങള്‍ തനിക്ക് ലഭിക്കുന്നുണ്ടെന്ന് വാര്‍ത്ത വരുന്നതല്ലാതെ തനിയ്ക്ക് അത്തരത്തിലൊരു സൗകര്യങ്ങളും ലഭിക്കുന്നില്ലെന്നാണ് പിള്ള പറയുന്നത്. ജയിലില്‍ കാണാനെത്തിയ സുഹൃത്തുക്കളോടാണ് വ്യാഴാഴ്ച പിള്ള ഇക്കാര്യങ്ങള്‍ പറഞ്ഞത്. ജയിലില്‍ കഴിയുന്ന പിള്ള ആരോഗ്യപ്രശ്‌നങ്ങളാല്‍ അവശനാണെന്ന് അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തുന്നവര്‍ പറയുന്നു.
പലദിവസങ്ങളിലും പിള്ളയ്ക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
ഇതിനെത്തുത്തുടര്‍ന്ന് വ്യാഴാഴ്ച വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പിള്ളയെ പരിശോധിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ പിള്ളയ്ക്ക് ആയുര്‍വേദ ചികിത്സയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ അത്തരം ചികിത്സയ്ക്കായി എങ്ങും പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് പിള്ളയുടെ നിലപാട്.
ജയില്‍ മുറിയിലെ ചൂട് മൂലം പിള്ള പാടുപെടുകയാണത്രേ. ഒരാളെ എങ്ങനെ പീഡിപ്പിക്കാമെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് താനെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ അല്‍പംകൂടി ദയകാട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞതായി സുഹൃത്തുക്കള്‍ പറയുന്നു.












Click it and Unblock the Notifications