കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രചാരണം കൊട്ടിക്കലാശത്തിലേക്ക്

  • By Ajith Babu
Google Oneindia Malayalam News

Assembly Election 2011
തിരുവനന്തപുരം: പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനു മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ മുന്നണികള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍. അധികാരത്തിലേറുമെന്ന് യുഡിഎഫും നിലനിര്‍ത്തുമെന്ന് എല്‍ഡിഎഫും ഉറക്കെ കൊട്ടിഘോഷിയ്ക്കുന്നുണ്ടെങ്കിലും രണ്ട് ക്യാമ്പിലും ആശങ്കകള്‍ ഏറെയാണ്. അതേ സമയം ഒരു സീറ്റെങ്കിലും നേടി കേരളത്തില്‍ താമരവിരിയ്ക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

തിങ്കളാഴ്ച വൈകിട്ട് അഞ്ചിനു പരസ്യപ്രചാരണം അവസാനിക്കും. പിന്നിടുള്ള മണിക്കൂറുകളില്‍ പരസ്യപ്രചാരണം പാടില്ല. ചൊവ്വാഴ്ച ഓരോ വോട്ടും നേരില്‍കണ്ട് ഉറപ്പിയ്ക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമമാണ് നടക്കുക. ബുധനാഴ്ച കേരളത്തിലെ 2.31 കോടി വോട്ടര്‍മാര്‍ തങ്ങളുടെ ഭാഗധേയം നിര്‍ണയിക്കാനായി പോളിങ് ബൂത്തിലേക്ക് പോകുന്നതോടെ കേരളത്തിലെ തിരഞ്ഞെടുപ്പ് മാമാങ്കത്തിന് വിരാമമാകും. പിന്നെ ഫലമറിയാനുള്ള ഒരു മാസത്തെ നീണ്ട കാത്തിരിപ്പ്.

തദ്ദേശലോക്‌സഭാ തെരഞ്ഞെടുപ്പുകളിലെ വിജയം യു.ഡി.എഫിന്റെയുംഭരണവിരുദ്ധവികാരം പ്രകടമല്ലെന്നത് എല്‍.ഡി.എഫിന്റെയും അവകാശവാദങ്ങള്‍ക്ക് ആക്കംകൂട്ടുന്നു. അഭിപ്രായ സര്‍വേകളില്‍ യുഡിഎഫിന് മുന്‍തൂക്കം ലഭിച്ചപ്പോള്‍ ഐബി റിപ്പോര്‍ട്ട് തങ്ങള്‍ക്ക് അനുകൂലമെന്ന വാദമാണ് ഇടതുമുന്നണി ഉയര്‍ത്തിക്കാട്ടുന്നത്.

അഴിമതിയും പെണ്‍വാണിഭവും മുഖ്യപ്രചാരണവിഷയമാക്കി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ആഞ്ഞടിച്ചപ്പോള്‍ ആന്റണിയെ രംഗത്തിറക്കി തടയിടാനായിരുന്നു യുഡിഎഫ് ശ്രമം. ഇതില്‍ ഒരുപരിധി വരെ അവര്‍ വിജയിക്കുകയും ചെയ്തു.

അവസാനദിനങ്ങളില്‍ ദേശീയ നേതാക്കളെ രംഗത്തിറക്കി പ്രചാരണം കൊഴുപ്പിയ്ക്കാന്‍ കോണ്‍ഗ്രസ് പരമാവധി ശ്രമിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി യുപിഎയുടെ ഗ്ലാമര്‍ താരങ്ങളെല്ലാം പ്രചാരണത്തനെത്തി. ഇടതുസര്‍ക്കാരിനെതിരെ ശക്തമായ ആക്രമണമാണ് ഇവരെല്ലാം നടത്തിയത്. എന്നാല്‍ രാത്രി വൈകിപ്പോലും വിഎസിന്റെ വേദികളില്‍ ജനം നിറയുന്നത് ഒരു തിരഞ്ഞെടുപ്പ് തരംഗത്തിന്റെ സൂചനകളാണെന്നാണ് ഇടതുമുന്നണിയുടെ നിഗമനം.

സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പി.ബി. അംഗങ്ങളായ സീതാറാം യെച്ചൂരി, വൃന്ദാ കാരാട്ട്, പിണറായി വിജയന്‍, മണിക് സര്‍ക്കാര്‍, സി.പി.ഐ. ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദന്‍ തുടങ്ങിയവര്‍ ഇടതു പ്രചാരണരംഗത്തു സജീവമായിരുന്നു. ദേശീയനേതാക്കളായ എല്‍.കെ. അദ്വാനി, സുഷമാ സ്വരാജ്, നിതിന്‍ ഗഡ്കരി, സ്മൃതി ഇറാനി തുടങ്ങിയവര്‍ ബി.ജെ.പി. പ്രചാരണത്തിനു ചുക്കാന്‍ പിടിച്ചു.

വികസനവിഷയങ്ങള്‍ അകന്നുനിന്ന പ്രചാരണത്തില്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസ്, ഇടമലയാര്‍ കേസില്‍ ആര്‍. ബാലകൃഷ്ണപിള്ളയെ സുപ്രീംകോടതി ശിക്ഷിച്ചത്, പാമോയില്‍ കേസ് തുടങ്ങി നിരവധി വിഷയങ്ങള്‍ ഉയര്‍ത്തി യു.ഡി.എഫിനെ വി.എസ്. വെല്ലുവിളിച്ചു. വി.എസിനെ ഒറ്റതിരിച്ച് ആക്രമിക്കുന്ന ശൈലിയാണു യു.ഡി.എഫ്. സ്വീകരിച്ചത്. മകനെതിരായ ആരോപണങ്ങളും പെണ്‍വാണിഭക്കേസുകളിലെ ആത്മാര്‍ഥതയില്ലായ്മയുമെല്ലാം അവര്‍ ചൂണ്ടിക്കാട്ടി. ഹെലികോപ്ടര്‍ വിവാദം, രണ്ടുരൂപയ്ക്ക് അരി നല്‍കുന്നതിനുള്ള തെരഞ്ഞെടുപ്പു കമ്മിഷന്റെ വിലക്ക് തുടങ്ങിയവ എല്‍.ഡി.എഫ്. ആയുധമാക്കി. സിന്ധു ജോയി സി.പി.എം. വിട്ട് കോണ്‍ഗ്രസിലെത്തുകയും യു.ഡി.എഫ്. പ്രചാരണവേദികളില്‍ സജീവമാകുകയും ചെയ്തപ്പോള്‍ ജയാഡാലി കോണ്‍ഗ്രസ് വിട്ട് ഇടതുസ്വതന്ത്രയായി കാട്ടാക്കടയില്‍ മത്സരിക്കുന്നു.

ലതികാ സുഭാഷിനെതിരേ നടത്തിയ പരാമര്‍ശം വി.എസിനെ വെട്ടിലാക്കിയെങ്കിലും ചട്ടം ലംഘിച്ചിട്ടില്ലെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ വ്യക്തമാക്കിയത് അവസാന നിമിഷത്തില്‍ വിഎസിന് ആശ്വാസമായി. ഒരു ആയുധം നഷ്ടപ്പെട്ടത് യുഡിഎഫ് ക്യാമ്പുകളെ നിരാശയിലുമാക്കി.

ഇടതിന്റെ ഐസ്‌ക്രീം പാര്‍ലര്‍ പ്രചാരണത്തെ സിപിഎമ്മിലെ ശശി വിഷയം ഉയര്‍ത്തിയാണ് യുഡിഎഫ് നേരിട്ടത്. ബിജെപി ബന്ധവും ജമാ അത്തെയുടെ പിന്തുണയും തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന വിഷയങങളായി.

English summary
All sorts of public campaign in Kerala for the election will conclude on Monday at 5 p.m., 48 hours before the commencement of polls.The campaign should be suspended during the 48 hours preceding the end of polling, according to Section 126 of the Representation of the People Act.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X