കര്‍ണാടകത്തില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ
ബാംഗ്ലൂര്‍: കര്‍ണാടകത്തില്‍ മുഖ്യമന്ത്രി ബി. എസ്. യെഡിയൂരപ്പയുടെ സര്‍ക്കാറഇനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ഗവര്‍ണര്‍ എച്ച്. ആര്‍. ഭരദ്വാജ് കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയതായി രിപ്പോര്‍ട്ട്.
ബിജെപിയുടെ 11 വിമത എംഎല്‍എമാരുടെയും അഞ്ച് സ്വതന്ത്രന്മാരുടെയും അയോഗ്യത സുപ്രീംകോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ നടപടി.
വിമത എംഎല്‍എമാര്‍ ഞായറാഴ്ച യെഡിയൂരപ്പയ്ക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഗവര്‍ണര്‍ അതംഗീകരിക്കാതെ നിയമസഭ സസ്‌പെന്‍ഡഡ് അനിമേഷനില്‍ നിറുത്തി രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് കേന്ദ്രത്തിനു അയയ്ക്കുകയായിരുന്നു.
യെഡിയൂരപ്പ സര്‍ക്കാരുമായി രസത്തിലല്ലാത്ത ഗവര്‍ണര്‍ ഭരദ്വാജ് രണ്ടാം തവണയാണ് ഈ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണത്തിന് ശുപാര്‍ശ ചെയ്യുന്നത്.
തിങ്കളാഴ്ച നിയമസഭാ സമ്മേളനം തുടങ്ങാന്‍ അനുമതി നല്‍കാനും ഗവര്‍ണര്‍ വിസമ്മതിച്ചിരുന്നു. യെഡിയൂരപ്പയ്ക്കു പിന്തുണ പ്രഖ്യാപിച്ച വിമത എംഎല്‍എമാരെ കാണാനും ഗവര്‍ണര്‍ കൂട്ടാക്കിയില്ല.
ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും നിയമസഭയില്‍ താന്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും ഞായറാഴ്ച രാത്രി വൈകി വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ കോണ്‍ഗ്രസിന്റെയും ജനതാദളിന്റെയും ഒത്താശയോടെ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഗവര്‍ണറുടെ ശുപാര്‍ശയ്‌ക്കെതിരെ രാഷ്ട്രപതിയ്ക്കും പ്രധാനമന്ത്രിയ്ക്കും യെഡിയൂരപ്പ കത്തയച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിതന്നെയാണ് ഇക്കാര്യം പറഞ്ഞത്.












Click it and Unblock the Notifications