ഇന്ദുവിന്റെ മരണം: സുഭാഷ് പോളിഗ്രാഫിന് സമ്മതിച്ചു
കോഴിക്കോട്: തീവണ്ടി യാത്രയ്ക്കിടെ കോഴിക്കോട് എന്‍ഐടി ഗവേഷണ വിദ്യാര്‍ഥിനി ഇന്ദുവിന്റെ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സുഭാഷ് പോളിഗ്രാഫ് പരിശോധനയ്ക്ക് സമ്മതപത്രം ഒപ്പിട്ടുനല്‍കി. നാര്‍ക്കോ അനാലിസിസ് പരിശോധനയ്ക്ക് തയാറാവാന്‍ സുഭാഷ് സമ്മതിച്ചതായും അറിയുന്നു.
കഴിഞ്ഞ മാസം 24ന് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ മംഗലാപുരം എക്‌സ്പ്രസില്‍ നിന്നും കാണാതായ ഇന്ദുവിനെ പിന്നീട് ആലുവാപ്പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
തീവണ്ടിയില്‍ നിന്ന് ആരോ വീഴുന്നതും അതേ സമയം വാതില്‍ക്കല്‍ ഒരു പുരുഷന്‍ നില്‍ക്കുന്നതും കണ്ടെന്ന മണല്‍ വാരല്‍ തൊഴിലാളികള്‍ നല്‍കിയ മൊഴി സംഭവത്തിലെ ദുരൂഹത വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ദു പുഴയിലേക്ക് വീഴുന്നതല്ല തൊഴിലാളികള്‍ കണ്ടതെന്ന് വിശദമായ ചോദ്യം ചെയ്യലില്‍ ക്രൈംബ്രാഞ്ചിന് വ്യക്തമായിട്ടുണ്ട്.
മണല്‍വാരലിനിടെ പൊലീസ് തങ്ങളുടെ വാഹനം കസ്റ്റഡിയിലെടുത്ത ദിനത്തിലാണ് സംഭവം കണ്ടതെന്ന് തൊഴിലാളികള്‍ മൊഴി നല്‍കിയിരുന്നു. ഇന്ദു തീവണ്ടിയില്‍ നിന്നും വീണത് ഈസ്റ്റര്‍ ദിനത്തിലായിരുന്നു. എന്നാല്‍ ഇതിന് രണ്ട് ദിവസം മുമ്പാണ് ലോക്കല്‍ പൊലീസ് മണല്‍ ലോറി കസ്്റ്റഡിയിലെടുത്തതെന്ന് വ്യക്തമായി.
ഇന്ദു ആത്മഹത്യ ചെയ്തുവെന്ന നിഗമനമാണ് ക്രൈംബ്രാഞ്ചിനുള്ളതെങ്കിലും കൊലപാതക അപകട സാധ്യതകള്‍ കൂടി മുന്നില്‍ക്കണ്ടാണ് അന്വേഷണം പുരോഗമിയ്ക്കുന്നത്. സുഭാഷ് പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയനാകുന്നതിലൂടെ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിയ്ക്കുമെന്നും അവര്‍ പ്രതീക്ഷിയ്ക്കുന്നു.












Click it and Unblock the Notifications