പൊലീസ് സ്റ്റേഷനില്‍ 14കാരിയെ പീഡിപ്പിച്ച് കൊന്നു
ലഖിംപൂര്‍: ഉത്തര്‍പ്രദേശില്‍ ലഖിംപൂര്‍ പട്ടണത്തിലെ നിഘാസന്‍ പൊലീസ് സ്‌റ്റേഷനില്‍ പതിനാലുകാരിയെ പീഡിപ്പിച്ചശേഷം കൊന്നു കെട്ടിത്തുക്കി. നാടിനെ നടുക്കിയ സംഭവത്തില്‍ വന്‍പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് സ്‌റ്റേഷനിലെ 11 പൊലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞദിവസം വൈകുന്നേരം കാണാതായ കുട്ടിയെ പൊലീസ് സ്‌റ്റേഷനുള്ളില്‍ പണിയുന്ന ഒരു കെട്ടിടത്തോടു ചേര്‍ന്നുള്ള മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ രാത്രിയാണു കണ്ടെത്തിയത്.
കെട്ടിടത്തിനു പിന്നില്‍ കാലികളെ മേയ്ക്കാന്‍ രാവിലെ പോയ കുട്ടിയെ രാത്രിയായിട്ടും കാണാതെ തിരഞ്ഞുചെന്ന അമ്മയാണ് ജഡം മരത്തില്‍ തൂങ്ങിനില്‍ക്കുന്നതു കണ്ടത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നുവെന്ന് അമ്മ പറയുന്നു. എന്നാല്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാരുടെ വാദം. മകളെ പൊലീസുകാര്‍ ബലാത്സംഗം ചെയ്ത് കൊന്നു കെട്ടിത്തൂക്കിയതെന്നാണ് വീട്ടുകാര്‍ ആരോപിയ്ക്കുന്നത്.
സംഭവത്തില്‍ കേസെടുത്തു സ്‌റ്റേഷന്‍ ഓഫിസറും രണ്ടു സബ് ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടെ11 പൊലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തുവെന്നും മജിസ്‌ട്രേട്ടുതല അന്വേഷണത്തിനു ശുപാര്‍ശ ചെയ്തുവെന്നും എസ്പി ഡികെ റായ് അറിയിച്ചു.
ബാലികയുടെ അച്ഛന്‍ ഇതേ കെട്ടിടത്തിലെ ചൗക്കീദാറാണ്. സ്‌റ്റേഷന്‍ വളപ്പിനോടു ചേര്‍ന്നുള്ള സ്ഥലത്താണു കുടുംബം താമസിക്കുന്നത്. കുറ്റവാളികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടു സമാജ്‌വാദിദി പാര്‍ട്ടി എംഎല്‍എമാര്‍ സ്‌റ്റേഷനു മുന്നില്‍ ധര്‍ണ നടത്തി. യുപി നിയമസഭാ പ്രതിപക്ഷനേതാവ് ശിവ്പാല്‍ സിങ് സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ മരണകാരണം വ്യക്തമാവൂ എന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.












Click it and Unblock the Notifications