യൂത്തന്മാരെ നന്നാക്കാന്‍ രാഹുലിന്റെ ടീച്ചര്‍മാര്‍

ഓരോ പാര്‍ലമെന്റ് മണ്ഡലത്തിലേയും യൂത്ത് കോണ്‍ഗ്രസ്സ് ഭാരവാഹികള്‍ക്കുള്ള ക്ലാസ്സുകളോടെ പരിശീലനം തുടങ്ങി. ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം മണ്ഡലങ്ങളിലെ ക്ലാസ്സുകള്‍ പൂര്‍ത്തിയായി.
രണ്ടുദിവസത്തെ ക്ലാസില്‍ കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ക്കൊന്നും പ്രവേശനമുണ്ടായിരുന്നില്ല. യോഗയും ഫിഷ് ബൗള്‍ തുടങ്ങിയ എക്‌സര്‍സൈസുകളുമൊക്കെയായിട്ടായിരുന്നത്രേ ക്ലാസ്സുകള്‍. ഉറങ്ങുന്നവരെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തി ശിക്ഷിക്കുകയും ചെയ്യും.
പ്രതിഷേധപ്രകടനങ്ങളില്‍ കൂടുതല്‍ അച്ചടക്കം കാണിയ്ക്കാനും, സൗമ്യ വധക്കേസിലെ കുറ്റാരോപിതന്‍ ഗോവിന്ദച്ചാമിയെ ആക്രമിച്ചതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനും ഒക്കേവേണ്ടിയാണ് ചിട്ടയായ പരിശീലനം. ജനങ്ങളുമായി കൂടുതല്‍ ഇടപഴകാനും ഇവരെ പരിശീലിപ്പിക്കും.
ക്ലാസ്സില്‍ പറയുന്ന അഭിപ്രായങ്ങള്‍ക്ക് മാര്‍ക്കുണ്ട്. ദില്ലിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയുടെ പ്രത്യേകസംഘം എത്തിയാണത്രേ പരിശീലകരെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കരുത്, ആറ് വര്‍ഷത്തേയ്ക്ക് ഒരു പാര്‍ട്ടിയുടെയും അംഗത്വം സ്വീകരിക്കരുത്, സര്‍ക്കാര്‍ ജോലി പാടില്ല തുടങ്ങിയ നിബന്ധനകള്‍ വച്ചാണ് പരിശീലകരെ തിരഞ്ഞെടുത്തത്.
കര്‍ശന നിബന്ധനകള്‍കാരണം വളരെക്കുറച്ച് പേരെ മാത്രമേ പരിശീലകരായി നിയമിക്കാന്‍ കഴിഞ്ഞിട്ടുള്ളു. എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലേയ്ക്കു പരിശീലകര്‍ ആയിട്ടില്ല. പരിശീലകര്‍ക്ക് ശംബളവും സൗജന്യ താമവസൗകര്യവും ഭക്ഷണവും നല്‍കും. ഇവര്‍ക്ക് കീഴില്‍ മൂന്ന് മാസ്റ്റര്‍ കോച്ചുകളുണ്ടാവും. ദില്ലിയിലെ ജവര്‍ഹര്‍ലാല്‍ നെഹ്‌റു ലേണിങ് ഇന്‍സ്റ്റിറ്റിയൂട്ടിനാണ് ഈ പ്രവര്‍ത്തനങ്ങളുടെയെല്ലാം ചുമതല.
മണ്ഡലം ഭാരവാഹികള്‍ വരെയുള്ളവര്‍ക്ക് രാഹുലുമായി നേരിട്ട് ബന്ധപ്പെടാന്‍ പഹ്ചാന്‍ എന്ന ഇ മെയില്‍ സംവിധാനവും ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇതിനായി രഹസ്യ ഐ.ഡിയും എല്ലാവര്‍ക്കും നല്‍കിയിട്ടുണ്ട്. ഓരോ പാര്‍ലമെന്റ് മണ്ഡലത്തിലേയും ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ പരിശീലകര്‍ ഈ മെയില്‍ വഴി രാഹുലിനെ അറിയിക്കും.












Click it and Unblock the Notifications