തമിഴ്‌നാട്ടിലെ തടവുപുള്ളികള്‍ക്കിനി ലാന്‍ഡ് ഫോണും
തിരുനല്‍വേലി: തമിഴ്‌നാട്ടിലെ തടവുപുള്ളികള്‍ക്കിനി കുടുംബക്കാരുമായി ലാന്‍ഡ് ഫോണിലൂടെ സംസാരിയ്ക്കാം. ലാന്‍ഡ്‌ലൈന്‍ സൗകര്യം ഇനി എല്ലാ തടവുപുള്ളികള്‍ക്കും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണിത്.
ഈ തീരുമാനം 13,000 തടവുപുള്ളികള്‍ക്ക് പ്രയോജം ചെയ്യുമെന്ന് കരുതുന്നു. അടുത്ത ബന്ധുക്കളുമായും അഭിഭാഷകരുമായും സംസാരിയ്ക്കാന്‍ തടവുകാര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഈ സൗകര്യം ഉപയോഗിയ്ക്കുന്നതിന് ഒരാള്‍ മാസം 30 രൂപ നല്‍കണം.
ഇതിനു വേണ്ടി ഒരു പ്രത്യേക ലാന്‍ഡ്‌ലൈന്‍ മൂന്നു മാസത്തിനുള്ളില്‍ ഓരോ ജയിലിലും ഏര്‍പ്പെടുത്തും. പിന്നീട് ഈ സൗകര്യം സബ്ജയിലുകളിലേയ്ക്കും വ്യാപിപ്പിയ്ക്കും. അനധികൃതമായി തടവുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനമായത്. മൊബൈല്‍ ഫോണുപയോഗിച്ച് തടവുകാര്‍ മറ്റു കുറ്റവാളികള്‍ക്ക് നിര്‍ദേശം നല്‍കുന്ന സംഭവം വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ലാന്റ് ഫോണ്‍ സൗകര്യം ഉപയോഗിക്കുന്നതിനായി തടവുപുള്ളിയുടെ ബന്ധുക്കള്‍ 30 രൂപ മുന്‍കൂറായി അടയ്ക്കണം. ഏതെങ്കിലും രണ്ട് നമ്പറിലേയ്ക്കു മാത്രമേ വിളിയ്ക്കാന്‍ അനുമതിയുണ്ടാകൂ. ജയില്‍വാര്‍ഡന്റെ അനുമതിയില്ലാതെ കോള്‍ ചെയ്യാനാകില്ല. കോളുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയും ചെയ്യും. മുന്‍പ് തിരുനെല്‍വേലിയിലും കോയമ്പത്തൂരിലും തടവുകാര്‍ അനധികൃതമായി മൊബൈലുപയോഗിച്ചത് പുറത്തായിരുന്നു












Click it and Unblock the Notifications