പറവൂര്‍ പീഡനം: തമിഴ്‌നാട് സിഐയ്ക്ക് സസ്‌പെന്‍ഷന്‍
കൊച്ചി: പറവൂര്‍ ലൈംഗിക പീഡനക്കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. നേരത്തേ പൊലീസ് കസ്റ്റഡിയിലെടുത്ത തമിഴ്‌നാട് സ്വദേശി മുരുകേശനും, എറണാകുളം സ്വദേശി സ്വരാജുമാണ് അറസ്റ്റിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 41ആയി.
വെള്ളിയാഴ്ച അറസ്റ്റിലായ മുന്‍ മഴുവന്നൂര്‍ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തോമസ് വര്‍ഗീസിന്റെ സുഹൃത്താണ് അറസ്റ്റിലായ സ്വരാജ്. ഈ സംഘത്തിനൊപ്പം പെണ്‍കുട്ടിയെ പീഡിപ്പിച്ച മറ്റൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റുരേഖപ്പെടുത്തുമെന്നാണ് സൂചന.
ഇതിനിടെ കേസില്‍ ഉള്‍പ്പെട്ട തമിഴ്‌നാട് സ്‌പെഷ്യല്‍ ബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്തതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ പിടികൂടാനായി തമിഴ്‌നാട് പൊലീസും അന്വേഷണത്തിലാണ്. കേസിലുള്‍പ്പെട്ട തമിഴ് കോണ്‍ട്രാക്ടര്‍ മണികണ്ഠന്‍ അറസ്റ്റിലായതോടെ അപകടം മണത്ത സിഐ ഒളിവില്‍പ്പോവുകയായിരുന്നു.
നേരത്തേ അറസ്റ്റിലായ ഇടനിലക്കാരി ജെസിമോളും ഭര്‍ത്താവും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കോയമ്പത്തൂരിലെത്തിച്ച് പലര്‍ക്കായി കാഴ്ചവച്ച് പണം വാങ്ങിയത്. ഇവിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച പത്തോളം പേര്‍ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ്.
കഴിഞ്ഞ ദിവസം കേസന്വേഷണത്തിനായി നിയോഗിച്ച ക്രൈംബ്രാഞ്ച് സംഘത്തെ വിപുലപ്പെടുത്തിയിരുന്നു. വിവിധ സംഘങ്ങള്‍ കര്‍ണാടകത്തിലും തമിഴ്‌നാട്ടിലുമായി അന്വേഷണം നടത്തുകയാണ്. കേസില്‍ ഒരു വിദേശി കൂടി ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ക്രൈംബ്രാഞ്ച് ഇന്റര്‍പോളിന്റെ സഹായം തേടിയേയ്ക്കും. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications