ലീഗ് നേതൃത്വത്തിനെതിരെ പോസ്റ്റര്‍ പ്രളയം

മലപ്പുറം നഗരത്തിലും മഞ്ചേരിയിലുമാണ് ലീഗ് നേതൃത്വത്തിനെതിരെ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുസ്‌ലിംലീഗ് പ്രവര്‍ത്തകസമിതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന തലക്കെട്ടോടെ പുറത്തിറക്കിയ പോസ്റ്ററില്‍ ഇ. അഹമ്മദ്, കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍, ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കെതിരെ വിമര്‍ശമുന്നയിച്ചിട്ടുണ്ട്.
'ഇ. അഹമ്മദിന് കൂട്ടുനില്‍ക്കുന്ന കുഞ്ഞാലിക്കുട്ടിക്കെതിരെ', 'കോണ്‍ഗ്രസ്സിനൊപ്പം കൂടി ലീഗിനെ തകര്‍ക്കുന്ന ഇ. അഹമ്മദിനെതിരെ', 'സ്വന്തം കാര്യം വന്നപ്പോള്‍ ചാനല്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എം.കെ. മുനീറിനെതിരെ', 'പേഴ്‌സണല്‍ സ്റ്റാഫില്‍ എല്‍ഡിഎഫുകാരെ തിരുകിക്കയറ്റിയ ഇബ്രാഹിംകുഞ്ഞിനെതിരെ' തുടങ്ങിയ പരാമര്‍ശങ്ങളാണ് പോസ്റ്ററുകളില്‍ ഉള്ളത്.
പ്രതികരണശേഷി നഷ്ടപ്പെട്ട നേതാക്കള്‍ക്കെതിരേ നല്ലഭാവിക്കും ഭദ്രതയ്ക്കും അണിചേരുക എന്നുപറഞ്ഞാണ് പോസ്റ്റര്‍ അവസാനിപ്പിച്ചിരിക്കുന്നത്. ഈ കൈകളില്‍ മാത്രം ഞങ്ങള്‍ ഭദ്രം എന്നു പറഞ്ഞുകൊണ്ട് പാണക്കാട് തങ്ങള്‍മാരുടെ ഫോട്ടോയും മുകളില്‍ കൊടുത്തിട്ടുണ്ട്. പോസ്റ്ററുകള്‍ ഞായറാഴ്ചയാണ് പ്രത്യക്ഷപ്പെട്ടത്്.
ചിലഭാഗങ്ങളില്‍ ഒട്ടിച്ച പോസ്റ്ററുകള്‍ കീറിക്കളഞ്ഞിട്ടുമുണ്ട്. പോസ്റ്റര്‍ എവിടെ അച്ചടിച്ചതാണെന്നും മറ്റുമുള്ള കാര്യങ്ങള്‍ അവയില്‍ രേഖപ്പെടുത്തിയിട്ടില്ല. മുസ്‌ലിംലീഗ്, യൂത്ത്‌ലീഗ്, എം.എസ്.എഫ് പ്രവര്‍ത്തകര്‍ എന്ന പേരിലാണ് പോസ്റ്ററുകള്‍ ഇറങ്ങിയത്.
ഇതിനിടെ നേരത്തേ ലീഗ് നേതാക്കളുടെ പോസ്റ്ററുകളില്‍ കരിഓയില്‍ ഒഴിച്ച സംഭവത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ആരോപിച്ചു. നേര്‍ക്കുനേര്‍ നേരിടാന്‍ കഴിയാത്തതിനാല്‍ ചെയ്യുന്നതാണിതെന്നും ഇതു പുച്ഛിച്ചുതള്ളേണ്ട വിഷയമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications