നിധിക്കൂന്പാരത്തില്‍ 35കിലോയുള്ള തങ്കത്തിരുമുഖം

ഇതുവരെ നാല് നിലവറകളാണ് തുറന്നത്. ഇതിലെ കണക്കപെടുപ്പ് പൂര്‍ത്തിയായപ്പോള്‍ രാജ്യത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രമെന്ന പദവി ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സ്വന്തമായിക്കഴിഞ്ഞു.
ശനിയാഴ്ച കണ്ടെടുത്തതില്‍ ഏറ്റവും പ്രധാനപ്പെട്ടത് 13 കോടി വിലമതിക്കുന്ന തിരുമുഖവും അപൂര്‍വ്വരത്‌നങ്ങള്‍ പതിച്ച തങ്കത്തില്‍ത്തീര്‍ത്ത വിഷ്ണുവിഗ്രഹവുമാണ്. തിരുമുഖത്തിന് 35കിലോഗ്രാമോളം തൂക്കംവരും. പതിനെട്ട് അടിയുള്ള അനന്തപത്മനാഭവിഗ്രഹത്തില്‍ ചാര്‍ത്തുന്ന ഈ തിരുമുഖ പലഭാഗങ്ങളായി വിഭജിച്ചാണ് സൂക്ഷിച്ചിരിക്കുന്നത്. ഇതിനുപുറമേ രത്‌നക്കല്ലുകള്‍, സ്വര്‍ണക്കട്ടികള്‍ ഉള്‍പ്പെടെ കണ്ണെഞ്ചിപ്പിക്കുന്ന ശേഖരങ്ങളാണ് നിലവറയിലുള്ളത്.
ഒരു കിലോഗ്രാം തൂക്കം വരുന്ന തങ്കത്തിലുള്ള ആള്‍രൂപങ്ങള്‍, വിഗ്രഹത്തിന്റെ മാറില്‍ ചാര്‍ത്തുന്ന സ്വര്‍ണച്ചട്ട, അരപ്പട്ട, സ്വര്‍ണക്കയര്‍, കങ്കണങ്ങള്‍, സ്വര്‍ണക്കട്ടി, രത്‌നക്കല്ലുകള്‍ തുടങ്ങിയവയും ശനിയാഴ്ച കണ്ടെടുത്തിട്ടുണ്ട്. കണ്ടെടുക്കുന്ന ഓരോ ഇനങ്ങളും പ്രത്യേകം തരംതിരിച്ച് ചാക്കുകളിലും ഇരുമ്പ് പെട്ടികളിലുമാക്കി സീല്‍ചെയ്താണ് അതത് അറകളില്‍ തിരികെ സൂക്ഷിക്കുന്നത്.
ഇതുവരെ തുറന്നതില്‍ ഏറ്റവും കൂടുതല്‍ ശേഖരമുള്ള എ അറയ്ക്ക് ഉരുക്ക് വാതിലും അകത്ത് ഈട്ടിത്തടികൊണ്ടുള്ള മറ്റൊരുവാതിലുമുണ്ട്. ആദ്യ ദിവസം ഇതില്‍ നിന്നും ഒന്നുംകണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിന്‌ശേഷം മുറിയിലുണ്ടായിരുന്ന ഭൂഗര്‍ഭ അറ തുറന്നപ്പോഴാണ് ഇത്രയും വലിയ നിധിശേഖരം കണ്ടെത്തിയത്.
ഇനി രണ്ട് അറകളിലാണ് പരിശോധന നടത്താനുള്ളത്. ഇവയിലെ പരിശോധന തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് തുടങ്ങും. നൂറ്റാണ്ടുകളായി തുറന്നിട്ടില്ലെന്ന് കരുതപ്പെടുന്ന 'ബി' നിലവറയും 'എഫുംമാണ് ഇനി തുറക്കാനുള്ളത്. നിധിയുടെ മൂല്യം ഒരുലക്ഷം കോടിയിലേക്ക് അടുത്തതോടെ ക്ഷേത്രസുരക്ഷ സംസ്ഥാന പോലീസ് ഏറ്റെടുത്തു.
പത്മമനാഭസ്വാമിക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായി അഡ്മിനിസ്‌ട്രേഷന്‍ എഡിജിപി വേണുഗോപാല്‍ കെ. നായരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ശനിയാഴ്ച രണ്ടു പ്ലാറ്റൂണ്‍ സായുധ പോലീസിനെ ക്ഷേത്രത്തിന് ചുറ്റും ആദ്യഘട്ടമായി വിന്യസിച്ചു. ക്ഷേത്രത്തിനകത്തും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച വൈകീട്ടത്തേതിന് സമാനമായി നിലവറ തുറക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച ടിപി സുന്ദര്‍രാജിനെതിരെ പ്രതിഷേധവുമായി ഒരു കൂട്ടമാളുകള്‍ ക്ഷേത്രപരിസരത്ത് വന്നിരുന്നു. വെള്ളിയാഴ്ചത്തെ സംഭവം പരിഗണിച്ച് സുന്ദര്‍രാജ് ശനിയാഴ്ചത്തെ കണക്കെടുപ്പില്‍ പങ്കെടുത്തിരുന്നില്ല.












Click it and Unblock the Notifications