നേതാവിന് സ്വഭാവദൂഷ്യം; സിപിഎമ്മിന് വീണ്ടും തലവേദന
കൊച്ചി: സിപിഎമ്മിന്റെ എറണാകുളം ജില്ലയിലെ സമുന്നതനായ നേതാവിനെതിരെ ഉയര്‍ന്ന സ്വഭാവദൂഷ്യ ആരോപണം മേല്‍ക്കമ്മിറ്റിക്ക് വിടാന്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, പരാതി ജില്ലാ സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്യാന്‍ നിര്‍ദേശിച്ചതുപ്രകാരമാണ് ശനിയാഴ്ച അടിയന്തര യോഗം ചേര്‍ന്നത്. വി.എസ്. വിഭാഗം, നേതാവിനെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.
എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുകൂലിച്ചില്ല. സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെ എന്നായിരുന്നു പിണറായിയുടെ നിലപാട്.
നേതാവിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നായിരുന്നു വി.എസ്. വിഭാഗത്തിന്റെ നിലപാട്. പകരം മുതിര്‍ന്ന നേതാവ് കെ.എന്‍. രവീന്ദ്രനാഥിനെ ചുമതല ഏല്പിക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം. ആരോപണം കെട്ടിച്ചമച്ചതാണെന്ന് പിണറായി വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടി.
കമ്മിറ്റിയില്‍ ചേരിതിരിഞ്ഞ് അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്ന് വിഷയം സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യട്ടേയെന്ന് പിണറായി വിജയന്‍ നിര്‍ദേശിച്ചു. തിങ്കളാഴ്ച ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെങ്കിലും, അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിയുടേതായിരിക്കും.
മുതിര്‍ന്ന നേതാവിനെതിരെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം തന്നെയാണ് പരാതി നല്‍കിയത്. സംസ്ഥാന കമ്മിറ്റിക്കും കേന്ദ്ര കമ്മിറ്റിക്കും പരാതിയുടെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പരാതി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്താനായിരുന്നു തീരുമാനം.
അതുപ്രകാരം സംസ്ഥാന സെക്രട്ടേറിയറ്റ് പരാതി ചര്‍ച്ചക്കെടുത്തെങ്കിലും ജില്ലാ സെക്രട്ടേറിയറ്റ് തന്നെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യട്ടെയെന്ന് നിര്‍ദേശിക്കുകയായിരുന്നു.
വി.എസ്, പിണറായി പക്ഷങ്ങള്‍ തമ്മില്‍ ശക്തമായ പോര് നടക്കുന്ന എറണാകുളം ജില്ലയില്‍ ഇതോടെ ഗ്രൂപ്പുയുദ്ധം പുതിയ വഴിത്തിരിവില്‍ എത്തിയിരിക്കുകയാണ്. ആരോപണ വിധേയനായ നേതാവ് മുമ്പ് വി.എസ്. വിഭാഗത്തിന്റെ ശക്തനായ വക്താവായിരുന്നു. എന്നാല്‍ കഴിഞ്ഞ സമ്മേളനത്തിന് ശേഷം അദ്ദേഹം ഔദ്യോഗിക പക്ഷത്തേക്ക് മാറുകയായിരുന്നു.
പാര്‍ട്ടിയിലെ ഉയര്‍ന്ന നേതാക്കള്‍ക്കെതിരെ അടിയ്ക്കടി സ്വഭാവദൂഷ്യ ആരോപണങ്ങള്‍ ഉണ്ടാകുന്നതി സിപിഎമ്മിന് തലവേദനയാവുകയാണ്. പി ശശി സംഭവത്തിന് പിന്നാലെ കാസര്‍ക്കോട്ടെ ജില്ലാ നേതാവിനെതിരെയും പാര്‍ട്ടിയ്ക്ക് സമാനമായ പ്രശ്‌നത്തില്‍ നടപടിയെടുക്കേണ്ടിവന്നിരുന്നു.












Click it and Unblock the Notifications